'മൂന്നര നാല് വര്‍ഷം കൊണ്ടുള്ള പ്രോസസ് ആണ്, പേര് കേള്‍ക്കുമ്പോ തന്നെ കഥ മനസിലാവരുത് എന്ന് തീരുമാനിച്ചിരുന്നു'

അന്നാ ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ഒരുക്കുന്ന ചിത്രമാണ് “കപ്പേള”. വളരെ റിയലിസ്റ്റിക് ആയുള്ള കഥയാണ് കപ്പേള എന്നാണ് സംവിധായകന്‍ മുഹമ്മദ് മുസ്തഫ പറയുന്നത്. കപ്പേള എന്ന പേരിന്റെ പേരിന് പിന്നിലെ കാരണവും സംവിധായകന്‍ വ്യക്തമാക്കി.

“”പേര് കേള്‍ക്കുമ്പോ തന്നെ സിനിമയുടെ കഥ മനസിലാവരുത് എന്ന് തീരുമാനിച്ചിരുന്നു. കപ്പേള എന്ന് പറഞ്ഞാല്‍ ചാപ്പല്‍, ചെറിയ കുരിശടി എന്നൊക്കെയാണ് അര്‍ഥം. ഹൈറേഞ്ചിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ വിശ്വാസിയായ പെണ്‍കുട്ടിയാണ് ജെസി. അവളുടെ വീടിനടുത്ത് തകര്‍ന്നുപോയ ഒരു കപ്പേളയുണ്ട്. ആ കപ്പേളയുടെ സ്‌പേസ് ആണ് ഇവളുടെ സ്വകാര്യ ഇടം. ഒരുപാട് ലേറ്റ് ആയാണ് ഈ പേരിലേക്ക് എത്തിയത്”” എന്ന് മുസ്തഫ സൗത്ത്‌ലൈവിനോട് പറഞ്ഞു.

അന്ന ബെന്‍ ആണ് ജെസി എന്ന കഥാപാത്രമായി വേഷമിടുന്നത്. “”ജെസി ഹൈറേഞ്ചിന്ന് അവള്‍ക്കിഷ്ടപ്പെട്ട ഒരാളെ നേരിട്ട് കാണാനായി ഒരു സിറ്റിയിലേക്ക് വരുന്നു, അവളുടെ ആ യാത്രയാണ് സിനിമയുടെ ടോട്ടാലിറ്റി. മൂന്നര നാല് വര്‍ഷം കൊണ്ടുള്ള പ്രോസസ് ആണ് കപ്പേള. മൂന്ന് ഘട്ടങ്ങളായായി ആയിരുന്നു ഇതിന്റെ എഴുത്ത്”” എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് കപ്പേളയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, തന്‍വി റാം എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് 6ന് ചിത്രം തിയേറ്ററുകളിലെത്തും.