സ്ഫടികത്തിന് 25 വയസ്; ചിത്രത്തിന്‍റെ റീ റിലീസിംഗിനായി മോഹന്‍ലാല്‍ വീണ്ടും പാടുന്നു

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെയ്ക്കുന്ന, മുണ്ടൂരി തല്ലുന്ന ആടുതോമയുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വിലസുന്നുണ്ട്. ആടുതോമയെ ഇന്നും അനുകരിക്കുന്നവരും ഏറെ. സ്ഫടികത്തിന് മുമ്പും ശേഷവും അതു പോലൊരു റൗഡി പിറന്നിട്ടില്ലെന്ന് വേണം പറയാന്‍. ചിത്രം പുറത്തിറങ്ങി ഇന്ന് 25 വര്‍ഷം തികയുമ്പോള്‍ ചിത്രം റീ റിലീസിംഗിന് എത്തുന്ന സന്തോഷമാണ് ഭദ്രന് പങ്കുവയ്ക്കാനുള്ളത്.

“ബന്ധങ്ങളുടെ ആഴങ്ങളില്‍നിന്നു രൂപം കൊണ്ട സിനിമ ഇനിയും ഇരുപത്തഞ്ചും അന്‍പതും നൂറും വര്‍ഷം ജീവിക്കണം എന്നതാണ് ആഗ്രഹം. വരുംതലമുറകള്‍ക്ക് ആടുതോമയെ പരിചയപ്പെടുത്തുന്നതിനായി സിനിമയെ കരുതിവയ്ക്കുകയാണ്.” ഭദ്രന്‍ പറയുന്നു. “സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോമെട്രിക്‌സ് എന്ന പുതിയ കമ്പനി റീറിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിങ് ആണു നടത്തുന്നത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിക്കുന്നു. സിനിമയ്ക്കുവേണ്ടി കെ.എസ്.ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുമുണ്ട്.”

“പ്രസാദ് ലാബിലാണ് റിസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മാതാവ് ആര്‍.മോഹനില്‍ നിന്നു വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ട്. 2 കോടി രൂപയോളം മുടക്കിയാണ് റീ റിലീസിങ്. സിനിമയുടെ സൗണ്ട് ട്രാക്കില്‍ മാറ്റങ്ങള്‍ വരുത്തും.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.