ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ; പ്രശ്നപരിഹാരത്തിന് ഇന്റേണല്‍ കമ്മിറ്റി ഉണ്ടെന്ന് മോഹന്‍ലാല്‍

അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് സംഘടന. ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നപരിഹാരത്തിന് ഇന്റേണല്‍ കമ്മിറ്റിയുണ്ടെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചു.(Mohanalal)

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകന്‍ ചര്‍ച്ചകള്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തിയത്.

അതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളില്‍ ചിലര്‍ ഉറച്ച് നിന്നു.