'വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭ, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടി അഭിനയിക്കാന്‍ ഭാഗ്യം ഉണ്ടായി'

മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടി അഭിനയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി എന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”തലമുറകള്‍ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങള്‍ മലയാളത്തിന് നല്‍കി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസ രചനയിലൂടെ വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഭാഷയില്‍, ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടി അഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.”

”ഒരു കാലഘട്ടത്തില്‍, പ്രിയ പ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന വരികളാണെന്നത് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികള്‍” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിയും ബിച്ചു തിരുമലക്ക് ആദരാഞ്ജലികള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തി. നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. 1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്.

Read more

നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. രണ്ടുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. ഇതിന് പുറമെ സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി പി ഭാസ്‌കരന്‍ ഗാനസാഹിത്യ പുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.