'തന്മാത്രയില്‍ ഞാന്‍ നഗ്‌നനായി അഭിനയിച്ചിട്ടുണ്ട്, വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്'; സെന്‍സര്‍ ചെയ്ത രംഗത്തെ കുറിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ രമേശനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഭാര്യ വേഷത്തില്‍ മീര വസുദേവ് ആണ് എത്തിയത്. അല്‍ഷിമേഴ്സ് എന്ന രോഗത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ചുള്ള തുറന്നു കാട്ടലായിരുന്നു ഈ ചിത്രം. അമ്പരപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇതില്‍ മോഹന്‍ലാലിന്റേത്. ചിത്രത്തില്‍ താന്‍ നഗ്‌നനായി അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ രംഗം സെന്‍സര്‍ ചെയ്‌തെന്നും പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍.

“തന്മാത്രയില്‍ ഞാന്‍ നഗ്‌നനായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആ രംഗം സെന്‍സര്‍ ചെയ്തു. സിനിമ പ്രദര്‍ശനത്തിനെത്തി രണ്ടു ദിവസം അത് അങ്ങിനെ തന്നെ തിയേറ്ററില്‍ കാണിച്ചിരുന്നു. പിന്നീട് എന്തുകൊണ്ടോ അത് സിനിമയില്‍ നിന്ന് മാറ്റി. വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്. രമേശന്‍ നായരും അദ്ദേഹത്തിന്റെ ഭാര്യയും കട്ടിലില്‍ കിടക്കുമ്പോള്‍ പല്ലിയെ ഓടിക്കാന്‍ അയാള്‍ എല്ലാം മറന്ന് എണീറ്റ് പോകുന്ന രംഗമായിരുന്നു അത്.”

Read more

“അങ്ങനെ ഒരു രംഗമുണ്ടെന്ന് ബ്ലെസി എന്നോട് പറഞ്ഞില്ല, അദ്ദേഹം തിരക്കഥയില്‍ അത് എഴുതി വച്ചിരുന്നു. എന്തുകൊണ്ടാണ് എന്നോട് നേരത്തേ പറയാതിരുന്നത് എന്ന് ഞാനും ചോദിച്ചില്ല. ആ രംഗത്തില്‍ വേണമെങ്കില്‍ ഒരു കസേരയോ മേശയോ വച്ച് മറക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഞങ്ങള്‍ ആര്‍ക്കും തോന്നിയില്ല.”
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദശാവതരം സെഷനില്‍ സംസാരിക്കുന്നതിനിടെ മോഹന്‍ലാല്‍ പറഞ്ഞു.