'പ്രേമ'ത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വളയ്ക്കാന്‍ നടക്കുന്നത് സമൂഹത്തിന് സ്വീകാര്യമാണ്, എന്നാല്‍ മെമ്മറീസ് ഓഫ് എ മെഷീന്‍ വിവാദമായി'

ഏറെ വിവാദമായ ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നാണ് കനി കുസൃതിയുടെ “മെമ്മറീസ് ഓഫ് എ മെഷീന്‍”. എട്ടാം വയസില്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടതിനെ കുറിച്ചും അത് ഇഷ്ടപ്പെട്ടെന്നും പറയുന്ന നായിക ആയാണ് കനി വേഷമിട്ടത്. എന്‍. എസ് മാധവന്‍ അടക്കമുള്ള പലരും ഈ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ട്വീറ്റ് ചെയ്തു.

ഒറിജിനാലിറ്റി ഫീല്‍ ചെയ്യുന്ന രീതിയിലാണ് ചിത്രം ഒരുക്കിയത്. ഒരു “വിവാദ” വീഡിയോയുടെ ഫീലില്‍ ചെയ്യാന്‍ ആഗ്രഹിച്ച ഒന്നായിരുന്നു എന്നാണ് ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് സംവിധായിക ശൈലജ പറയുന്നത്. 2016-ലാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്. എന്നാല്‍ ഇന്ന് ജനപ്രിയ സിനിമകളില്‍ പലതും നോര്‍മലൈസ് ചെയ്യപ്പെടുന്നുണ്ട് എന്നാണ് ശൈലജ ഏഷ്യാനെറ്റിനോട് പറയുന്നത്.

കനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം എന്നു പറഞ്ഞതു കൊണ്ട് കണ്ടതാണ് പ്രേമം. അതില്‍ പതിനഞ്ചു വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പിന്നാലെ മുതിര്‍ന്ന പുരുഷന്‍മാരാണ് നടക്കുന്നത്. അതിനൊക്കെ കാല്പനികതയുടെ പരിവേഷം നല്‍കി നോര്‍മലൈസ് ചെയ്‌തെടുക്കുകയാണ് മുഖ്യധാരാ ചിത്രങ്ങള്‍ ചെയ്യുന്നത് എന്ന് ശൈലജ പറയുന്നു.

മധ്യവയസ്സുള്ള ഒരാള്‍, പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ വളയ്ക്കാന്‍ നടക്കുന്നത് സമൂഹത്തിനു സ്വീകാര്യമാകുന്നു എന്നാണ് പ്രേമം പോലുള്ള ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നതെന്നും സംവിധായിക പറഞ്ഞു. മെമ്മറീസ് ഓഫ് എ മെഷീന്റെ രണ്ടാം ഭാഗം ഒരുക്കുമെന്നും എന്നാല്‍ കനി അതില്‍ ഉണ്ടാകില്ലെന്നും ശൈലജ പറഞ്ഞു.