മായാനദിയിലെ ലിപ്‌ലോക്ക് അശ്ലീലമല്ല, പ്രണയമാണ്: ടൊവീനോ തോമസ്

ആഷിക്ക് അബുവിന്റെ പ്രണയ ചിത്രം മായാനദിയിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നായകന്‍ ടൊവീനോ തോമസ്. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് അത്തരമൊരു ലൗ മേക്കിംഗ് സീന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്ന് ടൊവീനോ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതൊരു അശ്ലീലമായിരുന്നില്ല എന്നും സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നത് കൊണ്ടാണ് അത്തരമൊരു സീനില്‍ അഭിനയിച്ചതെന്നും ടൊവീനോ പറഞ്ഞു.

മായാനദിയെ മായാനദിയാക്കുന്നത് അപ്പുവിന്റെയും മാത്തന്റെയും പ്രണയമാണ്. സിനിമയ്ക്ക് ലിപ്ലോക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോള്‍ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ. എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്‌സ് തന്നെയായിരുന്നു. ആളുകള്‍ അശ്ലീലം എന്നുപറയുന്ന രീതിയില്‍ അവരത് ചിത്രീകരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു.

സിനിമയെ പൂര്‍ണ്ണമാക്കുന്നത് ഈ രംഗങ്ങളാണ്. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചത്. അല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലായിരുന്നു. ഞങ്ങളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ മേക്കേഴ്‌സിന് സാധിച്ചു. ഈ ലൗവ്‌മേക്കിങ്ങ് സീനുകളില്ലാതെ എങ്ങനെയാണ് അപ്പുവിന്റെയും മാത്തന്റെയും പ്രണയം ഇത്ര മനോഹരമായി പറയാന്‍ സാധിക്കുക?

സിനിമ കാണാന്‍ കയറുന്നത് കൂടുതലും കുടുംബങ്ങളാണ്. ഞാന്‍ കണ്ട ഷോസിലൊന്നും ഒരാള്‍ പോലും മുഖം ചുളിക്കുകയോ എഴുന്നേറ്റ് പോവുകയോ ചെയ്തിട്ടില്ല. സിനിമയുമായി അത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്ന രംഗങ്ങളായിരുന്നു അവയെല്ലാം. സിനിമ കണ്ടിറങ്ങിയ പല അമ്മമാരും എന്നെ കണ്ടപ്പോള്‍ സ്‌നേഹപൂര്‍വ്വം വന്ന് കെട്ടിപിടിക്കുകയാണ് ചെയ്തത്. ആളുകള്‍ അതിനെ അശ്ലീലമായിട്ടല്ല, പ്രണയമായിട്ടുതന്നെയാണ് എടുത്തിരിക്കുന്നത്.

മായാനദിയിലെ മാത്തനായത് എങ്ങനെ എന്ന ചോദ്യത്തിന് ടൊവീനോ നല്‍കിയ ഉത്തരം ഇങ്ങനെ.

കഴിഞ്ഞ ഡിസംബറില്‍ മഹേഷിന്റെ പ്രതികാരത്തിന്റെ 125-ാം ദിനാഘോഷത്തിനാണ് ആദ്യമായി ആഷിക്‌ചേട്ടനെ പരിചയപ്പെടുന്നത്. എന്റെ സിനിമകളൊക്കെ കാണാറുണ്ട്, നന്നാകാറുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍പ്പിന്നെ എന്നെവെച്ചൊരു സിനിമ പ്ലാന്‍ ചെയ്തൂടെയെന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു. ആലോചനയിലുണ്ട്, ചെയ്യാം എന്ന് അദ്ദേഹവും പറഞ്ഞു. അതിനുശേഷം ഞാന്‍ ആ സംഭവം മറന്നു. പിന്നീട് മായാനദിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ബിനു പപ്പു (കുതിരവട്ടം പപ്പുവിന്റെ മകന്‍) ഒരുദിവസം കണ്ടപ്പോള്‍ പറഞ്ഞു, പുതിയ പടം പ്ലാന്‍ ചെയ്യുന്നുണ്ട്. നിന്നെ നായകനാക്കാനുള്ള ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ടെന്ന്.

Read more

കഴിഞ്ഞ ജനുവരിയില്‍ കുടുംബത്തോടൊപ്പം ലക്ഷദ്വീപില്‍ ഒരു യാത്രപോയിരുന്നു. അവിടെവച്ചാണ് സിനിമയെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആഷിക്‌ചേട്ടന്റെ ഫോണ്‍വരുന്നത്. അവിടെയാണെങ്കില്‍ റെയ്‌ഞ്ചൊന്നുമില്ലായിരുന്നു. കിട്ടിയ റെയ്ഞ്ചിന്, വന്നാല്‍ ഉടന്‍ അങ്ങോട്ട് വരാമെന്നുപറഞ്ഞു. ലക്ഷദ്വീപിലേക്ക് കപ്പലിലാണ് പോയത്, തിരിച്ച്&ിയുെ; വേഗം ഫ്‌ലൈറ്റിനെത്തി. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോയത് ആഷിക്‌ചേട്ടനെ കാണാനാണ്. കഥയെക്കുറിച്ച് പറയുന്നതിന് മുമ്പേ മാത്തനെക്കുറിച്ചാണ് പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി, അവിടെവച്ചുതന്നെ കൈകൊടുത്തു മായാനദിയിലെ മാത്തനായി.