ചെയ്യാന്‍ പാടില്ലാത്ത കുറച്ച് സിനിമകള്‍ ചെയ്തു, എന്റെ ഭാഗത്തെ തെറ്റ്, ഇനി നായകവേഷം വേണ്ടെന്ന് തീരുമാനിച്ചു: മനോജ് കെ. ജയന്‍

നായകവേഷം ഇനി വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണം പങ്കുവെച്ച് നടന്‍ മനോജ് കെ ജയന്‍. സാമ്പത്തികമായി കുറച്ച് അത്യാവശ്യം വന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കുറച്ച് സിനിമകള്‍ ചെയ്തെന്നും അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് നായക വേഷം വേണ്ടെന്നും നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ബിഹൈന്റ്വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു കാലത്തും ഞാന്‍ നായകനോ സൂപ്പര്‍സ്റ്റാറോ ആവണമെന്ന് തീരുമാനിച്ചിരുന്നില്ല. അതിന് വേണ്ടി ഒരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. അതാണ് എന്റെ എക്കാലത്തെയും ആഗ്രഹം. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്ന ഒരാളാണ് ഞാന്‍.

ഇടയ്ക്ക് വച്ച് കുടുബസമേതം എന്ന ചിത്രത്തിലെ നായകന്റെ വേഷം എനിക്ക് വന്നു. ആ ചിത്രം ഹിറ്റായി. നായകനായ ഒരു സിനിമ ഒരിക്കല്‍ ഹിറ്റായാല്‍ പിന്നെ അയാള്‍ നായകനായിട്ട് അവരോധിക്കപ്പെടുമല്ലോ. അങ്ങനെ ഞാനും മലയാള സിനിമയില്‍ നായകനായി. പിന്നീട് കൊച്ചിയിലുള്ള വീട് പണി കാരണം എനിക്ക് സാമ്പത്തികമായി കുറച്ച് അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ ചെയ്യാന്‍ പാടില്ലാത്ത കുറച്ച് സിനിമകള്‍ ചെയ്തു. എന്റെ ഭാഗത്തും തെറ്റുണ്ട്. ആ ചെയ്ത പടങ്ങളെല്ലാം വലിയ പരാജയമായിരുന്നു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഇനി കുറച്ച് നാള്‍ വെറുതെ ഇരുന്നാലും കുഴപ്പമില്ല, നായക വേഷം വേണ്ട. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു.

പിന്നീട് നായകന്റെ വേഷത്തിന് എന്നെ വിളിച്ചിട്ടും ഞാന്‍ പോയില്ല. അതിന് ശേഷം, എനിക്ക് തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ എനിക്ക് കിട്ടി. മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.