അന്ന് അദ്ദേഹം എനിക്കായി ചെയ്തത് ഒരു വലിയ കാര്യം തന്നെയാണ്; മോഹന്‍ലാലിനെക്കുറിച്ച് മനസ്സുതുറന്ന് മഞ്ജു വാര്യര്‍

ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെച്ച് മഞ്ജുവാര്യര്‍. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സുതുറന്നത്.
സിനിമയില്‍ മോഹന്‍ലാലിനൊപ്പമല്ലാത്ത തന്റെ ഒരു സീന്‍ ഉണ്ടായിരുന്നു എന്ന് മഞ്ജു പറയുന്നു.

അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന് അത് ശ്രദ്ധിച്ച ശേഷം പ്രശംസിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയൊരു ആവശ്യം തന്നെയില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാല്‍ മതി. പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു അതൊരു വലിയ കാര്യം തന്നെയാണ്, അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. ലൂസിഫറിന് പുറമെ തിരിച്ചുവരവില്‍ എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലും മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു.