സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല, അമ്മ എന്നാണ്; അവിടം തൊട്ട് തന്നെ ഞങ്ങള്‍ പെണ്ണുങ്ങളുടെ ഭാഗത്തല്ലേ: മണിയന്‍പിള്ള രാജു

താരസംഘടന അമ്മയില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കെതിരെ നടന്‍ മണിയന്‍പിള്ള രാജു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അമ്മ സംഘടനയെക്കുറിച്ചും അതിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും താരം സംസാരിച്ചത്.

സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്പേസ് ലഭിക്കുന്നില്ല, എന്ന പരാതികള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ”അത് ചുമ്മാതെയാണ്. നമ്മുടെ സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല അമ്മ എന്നാണ്.

അവിടം തൊട്ട് തന്നെ നമ്മള്‍ പെണ്ണുങ്ങളുടെ ഭാഗത്താണ്. അമ്മയിലെ അംഗങ്ങളെ എടുത്ത് കഴിഞ്ഞാല്‍ അധികം പേരും പെണ്ണുങ്ങളാണ്. മാസം 5000 രൂപ വെച്ച് 150 പേര് കൈനീട്ടം വാങ്ങിക്കുന്നതില്‍ 85 ശതമാനവും പെണ്ണുങ്ങളാണ്. നമ്മുടെ സിനിമകളില്‍ സ്റ്റണ്ട് നടക്കുന്നതിലാണോ. ഇന്ന് സൊസൈറ്റിയില്‍ ഡോക്ടേഴ്സും എഞ്ചിനീയേഴ്സും ഓട്ടോ ഡ്രൈവര്‍മാരും വരെ എല്ലാ മേഖലകളിലും സ്ത്രീകളുണ്ട്. അതിന് മനസുള്ള ബോള്‍ഡ് പെണ്ണുങ്ങള്‍ വേണം.

അല്ലാതെ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്നിട്ട് കാര്യമില്ല.പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്സേ ഉള്ളൂ. ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. മണിയന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.