ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗം?; പ്രതികരണവുമായി മണിയന്‍ പിള്ള  രാജു

2007 ല്‍ വിഷു റിലീസാണ് തിയേറ്ററുകളിലെത്തി ചിത്രമാണ് മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മണിയന്‍ പിള്ള രാജുവാണ് നിര്‍മ്മിച്ചത്. ‘തല’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം വമ്പന്‍ വിജയമാണ് നേടിയത്. ഇന്നും അതിലെ കഥാപാത്രങ്ങളും തമാശകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അതിനാല്‍ തന്നെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുമുണ്ടാകും. അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു.

‘ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം, ആ സിനിമ അവിടെ തീര്‍ന്നു. അന്‍വര്‍ റഷീദൊക്കെ വേറെ മേഖലയില്‍ സ്വന്തമായി പ്രൈഡ്യൂസ് ചെയ്യുകയും സ്വന്തമായി പടം ചെയ്യുകയും ചെയ്യുന്ന രീതിയിലേക്ക് മാറിപ്പോയി. അപ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകത്തേയില്ല.’ ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയിലെ ഗ്യാങുകളുടെ കഥയായിരുന്നു ഛോട്ടാ മുംബൈയുടെ പ്രണയം. അദിമധ്യാന്തം കോമഡി നിറഞ്ഞ് നിന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലം ആയിരുന്നു. കോമഡിക്കൊപ്പം ആക്ഷനും നിറഞ്ഞ് നിന്ന് ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.