മമ്മൂട്ടി സാറിനോട് നന്ദി പറയണം.. അത് ചെയ്ത് തരാമെന്ന് അദ്ദേഹം രണ്ട് സെക്കന്റിനുള്ളില്‍ സമ്മതിക്കുകയായിരുന്നു: മണിരത്‌നം

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ മമ്മൂട്ടിയോട് നന്ദി പറയണം എന്ന് പറഞ്ഞിരിക്കുകയാണ് മണിരത്‌നം ഇപ്പോള്‍. മമ്മൂട്ടിയോട് നന്ദി പറയാനുള്ള കാരണവും സംവിധായകന്‍ തിരുവനന്തപുരത്ത് നടന്ന പ്രസ്മീറ്റിനിടെ വ്യക്തമാക്കി.

”മമ്മൂട്ടി സാറിനോട് നന്ദി പറയേണ്ടതുണ്ട്. ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് പൊന്നിയിന്‍ സെല്‍വനെ പരിചയപ്പെടുത്താനായി ഒരാളെ വേണം, നിങ്ങള്‍ വോയ്‌സ് ഓവര്‍ നല്‍കുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്റിന് ശേഷം മമ്മൂട്ടി പറഞ്ഞത് എനിക്ക് അയക്കൂ ഞാന്‍ ചെയ്തു തരാം എന്നാണ്.”

”ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലൂടെ ആയിരിക്കും” എന്നാണ് മണിരത്‌നം പറഞ്ഞിരിക്കുന്നത്. തിരുവന്തപുരത്തെ നിശാഗന്ധി സ്റ്റേഡിയത്തിലാണ് പൊന്നിയിന്‍ സെല്‍വന്‍ ടീം പ്രൊമോഷന് എത്തിയത്. വിക്രം, കാര്‍ത്തി, ജയംരവി, ജയറാം, പ്രഭു, റഹ്‌മാന്‍, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read more

ബാഹുബലിക്ക് ശേഷം തെന്നിന്ത്യയില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമയെന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്‍വനുണ്ട്. സെപ്റ്റംബര്‍ 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കിയിരിക്കുന്നത്.