ജൂതനില്‍ നിന്ന് റിമയെ ഒഴിവാക്കിയത് എന്തിന്?; കാരണം വ്യക്തമാക്കി ഭദ്രന്‍

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ ഒരുക്കുന്ന ചിത്രം ജൂതന്‍ ഷൂട്ടിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ നേരത്തെ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്ന റിമ കല്ലിങ്കനെ മാറ്റി പകരം മംമ്ത മോഹന്‍ദാസിനെ കാസ്റ്റ് ചെയ്തിരിക്കുകയാണ് ഭദ്രന്‍. ഇപ്പോഴിതാ റിമയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഭദ്രന്‍.

“രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്തയായ, വളരെ സീരിയസായ നടിയുടെ റോളാണിത്. കഥയെഴുതി വന്നപ്പോള്‍ ആ വേഷത്തിനു മമ്തയായിരിക്കും കൂടുതല്‍ അനുയോജ്യമാകുകയെന്നു തോന്നി. പ്രതീക്ഷകള്‍ തകര്‍ന്നു പോകുന്നത് വലിയ വിഷമമുള്ള കാര്യമാണ്. എന്നിരുന്നാലും അഡ്വാന്‍സ് ഒന്നും നേരത്തെക്കൂട്ടി നല്‍കിയിരുന്നില്ല. ബജറ്റും അങ്ങനെ എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. അടുത്തവര്‍ഷം ജനുവരിയിലോ മാര്‍ച്ചിലോ ഷൂട്ടിങ് ആരംഭിക്കും. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.