ഞങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്, നിങ്ങളായിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരുന്നാല്‍ മതി: മമ്മൂട്ടി

ദുല്‍ഖറുമൊത്തുള്ള സിനിമയെ കുറിച്ച് നിരവധി തവണ മമ്മൂട്ടി മറുപടി പറഞ്ഞിട്ടുണ്ട്. ഇതേ ചോദ്യത്തിന് ദുല്‍ഖറും മറുപടി കൊടുക്കാറുണ്ട്. വീണ്ടും ഇതേ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി. ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ചുള്ള സിനിമ എപ്പോള്‍ സംഭവിക്കും എന്നായിരുന്നു ചോദ്യം.

ഇരുവരും ഒരുമിച്ചുള്ള സിനിമ തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ അതിലേക്ക് എത്തുന്നില്ലെന്നും ആയിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. അതിന് വളരെ രസകരമായ രീതിയില്‍ ആയിരുന്നു മമ്മൂട്ടിയുടെ മറുപടി. ”ഞങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്‌നവുമില്ല.”

”നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാല്‍ മതി. രണ്ട് നടന്മാരായിട്ട് കാണൂ. അതല്ലേ നല്ലത്. സമയം കിടക്കുവല്ലേ” എന്നാണ് മമ്മൂട്ടിയുടെ മറുപടി. അതേസമയം, ‘ബിഗ് ബി’ സിനിമയുടെ സീക്വല്‍ ആയി ഒരുങ്ങുന്ന ‘ബിലാല്‍’ സിനിമയില്‍ ദുല്‍ഖര്‍ വേഷമിടും എന്ന അഭ്യൂഹങ്ങളുമുണ്ട്.

സ്‌ക്രിപ്റ്റ് ആവശ്യപ്പെടുകയാണെങ്കില്‍ താനുണ്ടാവും എന്നാണ് ഇതിനെ കുറിച്ചുള്ള ചോദ്യത്തോട് ദുല്‍ഖര്‍ പ്രതികരിച്ചത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബിഗ് ബി. ഇതിന്റെ സീക്വല്‍ ബിലാല്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യം എത്തിയത് ഭീഷ്മപര്‍വ്വം ആയിരുന്നു.