പൃഥ്വിയുടെ വാക്കു കേട്ട് 'ഈശ്വരാ.. ഭാവി നിശ്ചയിച്ച കാര്‍ന്നോരേ, മോന്‍ പറയുന്നത് കേട്ടോ' എന്ന് സുകുവേട്ടന്റെ ചിത്രം നോക്കി പറഞ്ഞു പോയി: മല്ലിക

 

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ബ്രോഡാഡിയിലെ അനുഭവം പങ്കുവെച്ച് നടി മല്ലിക സുകുമാരന്‍. ഒരിക്കല്‍ ഷൂട്ടിനിടയില്‍ തന്റെ സീന്‍ കഴിഞ്ഞ് കട്ട് പറഞ്ഞശേഷം ‘ആ അമ്മച്ചിയ്ക്ക് ഭാവിയുണ്ട്’ എന്ന് തന്നോട് പറഞ്ഞുവെന്ന് അവര്‍ അഭിമുഖത്തില്‍ പറയുന്നു.

എങ്ങനെ എന്ന് ഞാന്‍ തിരിച്ചുചോദിച്ച് തൊട്ടു മുകളിലേക്ക് നോക്കാനാണ് പൃഥ്വിയോട് പറഞ്ഞത്. അവിടെ സുകുവേട്ടന്റെ ഫോട്ടോയിരിപ്പുണ്ട്. ഈശ്വരാ ഭാവി നിശ്ചയിച്ച കാര്‍ന്നോരേ, മോന്‍ പറയുന്നത് കേട്ടോ എന്നായിരുന്നു മനസ്സില്‍ അപ്പോള്‍ വന്നത്. ഇക്കാര്യം ഞാന്‍ പല അഭിമുഖങ്ങളിലും മുന്‍പ് പറഞ്ഞിട്ടുള്ളതാണ്.’ മല്ലിക കൂട്ടിച്ചേര്‍ക്കുന്നു.

‘പൃഥ്വി ശരിക്കും വര്‍ക്ക് ഹോളിക്കാണ്. വളരെ ആത്മാര്‍ത്ഥതയോടെയാണ് അവന്‍ ചെയ്യുന്ന ജോലികളെ സമീപിക്കുന്നത്. സീരിയസായി ഒരു കാര്യം ചെയ്യുമ്പോള്‍ അതിനിടയില്‍ തമാശകളും കളിചിരികളും കുറവായിരിക്കും. ജോലിയുടെ കാര്യത്തില്‍ വലിയ കണിശക്കാരനാണ്. അവന്റെ ചിരിയും കളിയും മുഴുവന്‍ മോഹന്‍ലാലുമായിട്ടായിരുന്നു. അവര്‍ ഒന്നിച്ചിരിക്കുമ്പോള്‍ വര്‍ത്തമാനവും തമാശയും ഒക്കെയായി ചിലപ്പോള്‍ കുറേ സമയം ചിലവഴിക്കാറുണ്ട്’ മല്ലിക പറയുന്നു.

ജനഗണമനയാണ് പൃഥ്വിരാജിന്റെ തീയറ്ററില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. കോവിഡ് കാലത്തിന് മുന്‍പാരംഭിച്ച ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിനായി ജോര്‍ദ്ദാനിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. തിരികെ വന്നശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.