പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി; ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് മല്ലിക സുകുമാരന്‍

ലക്ഷദ്വീപ് വിഷയത്തില്‍ ് നിലപാട് വ്യക്തമാക്കിയതിനെ പൃഥ്വിരാജിനെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.

കുറച്ച് കാലമായി പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുന്നത് സ്വാഭാവികമായിരിക്കുന്നു. ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്നതിനാലാണ് പൃഥ്വി അങ്ങനെ ചെയ്തത്. എന്നാല്‍ അത് വലിയ ചര്‍ച്ചയായി മാറിയെന്ന് അവര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ സെലിബ്രിറ്റി ലോക്ക്ഡില്‍ വ്യക്തമാക്കി.

“പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു. ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം. ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി. അവനെ അറിയാവുന്നവര്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്ന് കരുതിയാണ് അത് ചെയ്തത്.

എന്നാല്‍ അതിന് ശ്രദ്ധ കിട്ടിയെന്ന് മാത്രമല്ല ഭയങ്കര ചര്‍ച്ചായി. ഇപ്പോഴത്തെ കാലത്ത് അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം പറയുന്നത് ഭയങ്കരമായ സംഭവമാക്കി മാറ്റുന്ന പ്രവണതയാണ് ഉള്ളത്. എനിക്ക് വാസ്തവത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ ചിരിയാണ് വന്നത്. മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.