ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ നടന്നില്ല; സംഭവിച്ചത് എന്തെന്ന് മാളവിക മോഹനന്‍

Advertisement

പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനന്‍. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ താരത്തിന്റെ മാസ്റ്ററിലെ പ്രകടനം കൈയടികള്‍ നേടുകയാണ്. ഫഹദ് ഫാസിലിന് ഒപ്പമുള്ള ഒരു സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക ഇപ്പോള്‍.

ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ 20 ദിവസം കൊണ്ട് ചിത്രീകരിച്ചിരുന്നു. സിനിമയുടെ 30 ശതമാനം മാത്രമായിരുന്നു പൂര്‍ത്തിയാകാന്‍ ബാക്കിയുണ്ടായിരുന്നുള്ളു. എന്നാല്‍ ചില കാരണങ്ങളാല്‍ ആ സിനിമ ഉപേക്ഷിക്കേണ്ടി വരികയായിരുന്നുവെന്നും മാളവിക പറയുന്നു. ആരാധകരുമായി നടത്തിയ ചാറ്റിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

വയനാട്ടില്‍ ചിത്രീകരണം നടന്ന സിനിമയില്‍ ആദിവാസി പെണ്‍കുട്ടിയാണ് ആ സിനിമയില്‍ താന്‍ വേഷമിട്ടത്. തന്റെ കഥാപാത്രത്തെ അടുത്തറിയാന്‍ വയനാട്ടിലെ ആദിവാസികള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞതെന്നും മാളവിക പറഞ്ഞു. നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ മലയാള സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍ എന്നീ സംവിധായകരുടെ സിനിമയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും മാളവിക പറയുന്നു. അതേസമയം, തമിഴ് സംവിധായകന്‍ കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന പുതിയ സിനിമയിലാണ് മാളവിക ഇനി വേഷമിടുക. നാനു മട്ടു വരലക്ഷ്മി, ബിയോണ്ട് ദ ക്ലൗഡ്‌സ് എന്നീ കന്നഡ, ഹിന്ദി ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.