ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്, കാലങ്ങളായി തീരുമാനമാകാത്ത വിഷയം സിനിമയിലൂടെ ചര്‍ച്ചയായത് നല്ലതാണെന്ന് വിശ്വസിക്കുന്നു: മഹേഷ് നാരായണന്‍

മാലിക് ചിത്രത്തിന് നേരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങളും പൊസിറ്റീവായി എടുക്കുന്നുവെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. ഇതൊരു ഫിക്ഷണല്‍ കഥയായാണ് ഒരുക്കിയത്. ഇന്ന പ്രദേശമെന്നോ ഇന്ന വ്യക്തയെന്നോ എവിടെയും പറയുന്നില്ല. അതിന് തന്റേതായിട്ടുള്ള സ്വാതന്ത്രമുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് മഹേഷ് നാരായണന്‍ പറയുന്നു.

ഇത്രയും കാലമായി അടഞ്ഞുകിടന്ന വിഷയം ഈ സിനിമയിലൂടെ ചര്‍ച്ചയാകാന്‍ വഴിവച്ചു എന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സംവിധായകന്‍ മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു പ്രത്യേക സാഹചര്യമോ അല്ലെങ്കില്‍ ആ പ്രത്യേക അവസ്ഥയും മാത്രല്ല മാലിക് പറയുന്നത്.

എന്തുകൊണ്ട് ഒരു ഹാര്‍ബര്‍ പ്രൊജക്ട് ഉണ്ടാകുന്നു, ആ പ്രൊജക്ട് ഉണ്ടാകുമ്പോള്‍ എന്തുകൊണ്ട് ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്നു, ഒരു വംശീയ വെറി, കൂട്ടകൊല എങ്ങനെ ഉണ്ടാക്കിയെടുക്കുന്നു, ഒരു വര്‍ഗീയ ലഹള എങ്ങനെ കൂട്ടകൊലയായി മാറുന്നു എന്നിങ്ങനെ ഗുജറാത്ത് പോലെയുള്ള ഉദാഹരണങ്ങള്‍ ഇതിനകത്തുണ്ട്.

അതിനെയെല്ലാം അഡ്രസ് ചെയ്തു കൊണ്ടാണ് ഈ സിനിമ ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോഴും അതിനകത്തുള്ള ലെയറുകള്‍ ആള്‍ക്കാര് വായിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. താനൊരു ഇടതുപക്ഷ അനുഭാവിയാണ്. അല്ലെന്നു ഒരിക്കലും പറയുന്നില്ല. അത്ര കാലങ്ങളായി തീരുമാനമുണ്ടാവാതിരുന്ന വിഷയത്തില്‍ ഇപ്പോള്‍ തന്റെ സിനിമയിലൂടെ ചര്‍ച്ചക്ക് വഴിവെച്ചത് നല്ലതാണെന്ന് വിശ്വസിക്കുന്നു.

ഏറ്റവും ഒടുവില്‍ ജോജുവിന്റെ കഥാപാത്രവും പറയുന്നത് അതാണ്. അന്ന് അവിടെയുണ്ടായിരുന്ന സമുദായങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയുമുണ്ടായിരുന്നില്ല. അവിടെ പോലീസുണ്ടാക്കിയതാണ് ആ വെടിവെപ്പ് എന്ന് മഹേഷ് നാരായണന്‍ പറഞ്ഞു.