ആരുടേയും കൈയും കാലും പിടിച്ചുള്ള അവാര്‍ഡ് വേണ്ട എന്നൊക്കെ ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു: മധു പറയുന്നു

പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്ത് സിനിമയിലെത്തി സ്വന്തമായ ഒരു ഇടം നേടിയെടുത്ത താരമാണ് മധു. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്.

തുടര്‍ന്ന് നായകനായും വില്ലനായും സ്വഭാവ നടനായും താരം മലയാള സിനിമയില്‍ തിളങ്ങി. നിര്‍മ്മാണ, സംവിധാന രംഗത്തും മധു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും താരം മാറി നില്‍ക്കുകയാണ്.

അവാര്‍ഡ് നിര്‍ണയ സമിതിയെ കുറിച്ചുള്ള മധുവിന്റെ പരാമര്‍ശം മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്ന് തന്റെ വാക്കുകള്‍ പലതും വളച്ചൊടിക്കുകയായിരുന്നു എന്നാണ് മധു ഇപ്പോള്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

എസ്എസ്എല്‍സിക്ക് പത്തു പ്രാവശ്യം തോറ്റവന്‍ ഡിഗ്രിക്കാരന്റെ പേപ്പര്‍ നോക്കുന്നതു പോലെ എന്ന് അവാര്‍ഡ് നിര്‍ണയ സമിതിയെ കുറിച്ച് നടത്തിയ പരാമര്‍ശം മുമ്പ് വലിയ ചര്‍ച്ചയായിരുന്നു എന്ന ചോദ്യത്തോടാണ് മധു പ്രതികരിച്ചത്.

”അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയെ കുറിച്ച് പറയുന്ന കൂട്ടത്തില്‍ അത്തരമൊരു പരാമര്‍ശം നടത്തി എന്നത് ശരിയാണ്, കഴിവുള്ളവര്‍ അതിലേക്കെത്തണം എന്ന സദുദ്ദേശ്യത്തോടെ ആയായിരുന്നു അത്. എന്നാല്‍ ഞാന്‍ ഉദ്ദേശിക്കാത്ത പലതും മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു.”

”വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ആരുടേയും കൈയും കാലും പിടിച്ചുള്ള അവാര്‍ഡ് വേണ്ട എന്നൊക്കെ ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നു. അതെല്ലാം പത്രക്കാരുടെ വ്യാഖ്യാനങ്ങളായിരുന്നു” എന്നാണ് മധു പറയുന്നത്.