വടക്കന്‍ വീരഗാഥയില്‍ അസിസ്റ്റന്റ് ആയിരുന്നപ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല മമ്മൂക്കയെ വെച്ച് മാമാങ്കം പോലൊരു ചിത്രമെടുക്കുമെന്ന്: എം പത്മകുമാര്‍

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ മാമാങ്കം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ വീരഗാഥയില്‍ അസിസ്റ്റന്റായിരുന്ന കാലത്ത് ഒരിക്കല്‍ പോലും മമ്മൂട്ടിയെ നായകനാക്കി ഇത്രയും വലിയൊരു ചരിത്ര സിനിമ താന്‍ ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് പത്മകുമാര്‍ പറയുന്നു.

2003 ല്‍ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പദ്മകുമാര്‍, വാസ്തവം, വര്‍ഗം, പരുന്തു, ശിക്കാര്‍ തുടങ്ങിയ ശ്രദ്ധേയമായ ചില സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ജോസഫ്, വലിയ ബോക്‌സ് ഓഫീസ് വിജയമായി. നിരൂപക പ്രശംസയും നേടി.

ഒരേ സമയം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യപ്പെടുന്ന മോളിവുഡ് ചിത്രമെന്ന ഖ്യാതിയും മാമാങ്കത്തിനുണ്ട്.. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ മാമാങ്കം റിലീസ് ചെയ്യുമെന്നാണ് വിവരം.ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് മാമാങ്കത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.