25 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തില്‍ രണ്ടാം ഇന്നിംഗ്‌സിനൊരുങ്ങി ലിസി: 'നായികയായി കത്തി നില്‍ക്കുമ്പോള്‍ സിനിമ വിട്ടത് വലിയ നഷ്ടമായി'

ഒരുകാലത്ത് തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നായികയായിരുന്ന ലിസി അഭിനയരംഗത്തേക്ക് തിരികെ എത്തുന്നു. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കിലേക്കാണ് ലിസി മടങ്ങി എത്തുന്നത്. പ്രിയദര്‍ശന്‍ എന്ന പേരിനൊപ്പമുള്ള വാല് ഉപേക്ഷിച്ച് ഇപ്പോള്‍ ലിസി ലക്ഷ്മിയാണ്. മകള്‍ കല്യാണി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍ തന്നെയാണ് അമ്മയുടെ രണ്ടാം വരവ് എന്നത് കൗതുകം ഉണര്‍ത്തുന്നു.

കൃഷ്ണാ ചൈതന്യ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്യാമറയെ ഫെയ്‌സ് ചെയ്തപ്പോള്‍ തനിക്ക് വലിയ ടെന്‍ഷനായിരുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലിസി പറഞ്ഞു.

തെലുങ്കു സിനിമയില്‍ ആറോളം സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷമാണ് 22ാം വയസ്സില്‍ സിനിമയോട് വിടപറഞ്ഞതെന്നും സിനിമയില്‍ കത്തിനിന്ന സമയത്ത് വിടപറയേണ്ടി വന്നതില്‍ പിന്നീട് ഖേദിച്ചുവെന്നും ലിസി പറയുന്നു. 1994ല്‍ പുറത്തിറങ്ങിയ സോമനാഥ് ചിത്രം ചാണക്യസൂത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മോഹന്‍ലാലും, മുകേഷുമായിരുന്നു ആ സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍.

എനിക്ക് തെലുങ്കില്‍ ചെറുതെങ്കിലും നല്ലൊരു കരിയര്‍ ഉണ്ടായിരുന്നു. എട്ട് ചിത്രങ്ങള്‍ ചെയ്തതില്‍ ആറെണ്ണവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇതില്‍ മലയാള ചിത്രങ്ങളായ മൂന്നാംമുറയുടെയും ഇരുപതാം നൂറ്റാണ്ടിന്റെയും റീമേക്കുകളും ഉള്‍പ്പെടും. തെലുങ്ക് സിനിമ വിടേണ്ടിവന്നതില്‍ എനിക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ, അന്ന് വേറെ വഴിയുണ്ടായിരുന്നില്ല. തെലുങ്കിലെ അഭിനയം അപൂര്‍ണമായൊരു ജോലിയായാണ് എനിക്ക് തോന്നുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മലയാളത്തില്‍ നിന്നും തമിഴിലും നിന്നും തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. തമിഴില്‍ ഗൗതം മേനോന്‍ ഒരു വിഷയം പറഞ്ഞിരുന്നു. വൈകാതെ ഒരു മലയാള ചിത്രത്തിലും അഭിനയിക്കും.

എന്റെ സ്റ്റുഡിയോയും പ്രിവ്യൂ തിയേറ്ററും നോക്കിനടത്തുന്നതിന് തന്നെയാവും എന്റെ മുന്‍ഗണന. വേഷങ്ങള്‍ നല്ലയാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം-ലിസ്സി പോസ്റ്റില്‍ പറഞ്ഞു.

ലിസി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

Read more

https://www.facebook.com/Lissy.actress/photos/a.522901944416279.114646.482932355079905/1682033045169824/?type=3&theater