സൂര്യയെ തകര്‍ക്കാനായിരുന്നു അവരുടെ ശ്രമം: 'അഞ്ജാന്‍' പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍

ലിംഗുസാമി ഏറെ പ്രതീക്ഷയോടെ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമായിരുന്നു “അഞ്ജാന്‍”. റിലീസ് ചെയ്തപ്പോള്‍ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഇനിഷ്യലാണ് ചിത്രം നേടിയത്. എന്നാല്‍, മൂന്നുനാള്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടിയ ചിത്രം അപ്രതീക്ഷിതമായി നിലംപതിച്ചു. കേരളത്തിലും ചിത്രത്തിന് വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ സിനിമ പരാജയപ്പെടാനുള്ള കാരണം മനോരമയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് എന്‍. ലിംഗുസാമി.

സൂര്യയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാപക നെഗറ്റീവ് പ്രചാരണമായിരുന്നു ചിത്രത്തിന്റെ പരാജയത്തിന് കാരണമായത് എന്ന് സംവിധായകന്‍ പറയുന്നു. ഇത് സൂര്യക്കെതിരായ ആസൂത്രിത നീക്കമാണെന്നു വ്യക്തമായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയുടെ തുടക്കകാലമായതിനാല്‍ പിന്നിലുള്ളവരെ കണ്ടെത്താനായില്ല എന്നും അദ്ദേഹം പറഞ്ഞു.

“സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാപകമായ നെഗറ്റീവ് പ്രചാരണമായിരുന്നു ചിത്രത്തെ വീഴ്ത്തിയത്. സൂര്യക്കെതിരായ ആസൂത്രിത നീക്കമാണെന്നു വ്യക്തമായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയുടെ തുടക്കകാലമായതിനാല്‍ പിന്നിലുള്ളവരെ കണ്ടെത്താനായില്ല. സിനിമ പരാജയപ്പെട്ടതോടെ പ്രതിഫലത്തില്‍ ലഭിക്കേണ്ടിയിരുന്ന 3 കോടി രൂപ സൂര്യ വാങ്ങിയില്ല” -ലിംഗു സാമി പറഞ്ഞു.

എന്നാല്‍ പടത്തിന്റെ വീഴ്ചയില്‍ ഏറ്റവുമധികം തകര്‍ന്നത് സംവിധായകനായിരുന്നു.