‘ആന്റി ക്രൈസ്റ്റ്’ അവസാനിപ്പിച്ചിട്ടില്ലെന്ന് ലിജോ ജോസ് പെല്ലിശേരി; ‘പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത് പ്രധാന കഥാപാത്രങ്ങള്‍’

ആരാധകരുടെ നിരാശകള്‍ക്ക് വിരാമമിട്ടുകൊണ്ട് മുന്‍പ് പ്രഖ്യാപിച്ച് മുടങ്ങിപോയ യുവതാര ചിത്രം ഉടന്‍ സംഭവിക്കുമെന്ന് സംവിധായകന്‍ ലിജോ ജോസ്പെല്ലിശേരി. മലയാളത്തില്‍ നിറസാന്നിധ്യമായ യുവതാരനിരയെ അണിചേര്‍ത്ത് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ആന്റി ക്രൈസ്റ്റാണ് ചിത്രീകരണത്തിനൊരുങ്ങുന്നത്. നേരത്തേ തയാറാക്കിയതില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയാകും ചിത്രമൊരുക്കുക എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിജോ പറഞ്ഞു.

പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത് എന്നിവരെയാണ് പ്രധാന വേഷങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്. പൃഥ്വിരാജ് നിര്‍മാണ പങ്കാളിയായ ഓഗസ്റ്റ് സിനിമാസ് നിര്‍മാണം ഏറ്റെടുത്തെങ്കിലും മലയാളത്തിന് താങ്ങാനാകാത്ത ബജറ്റാകും എന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ വിമുഖത കാട്ടിയതോടെ സിനിമ യാഥാര്‍ഥ്യമായില്ല. എന്നാല്‍ അതേ താരനിരയെ വെച്ച് ഡബ്ബിള്‍ ബാരല്‍ എന്ന പരീക്ഷണ ചിത്രത്തിലേക്ക് ലിജോ നീങ്ങി. ഫഹദ് ആ ചിത്രത്തില്‍ നിന്ന് പിന്മാറുകയും ആസിഫലി വരുകയും ചെയ്തും. തമിഴ് യുവതാര നിരയില്‍ ശ്രദ്ധേയനായ ആര്യ, സണ്ണിവെയ്ന്‍, ചെമ്പന്‍ വിനോദ് എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായെത്തി.

പിഎഫ് മാത്യൂസാണ് ആന്റിക്രൈസ്റ്റിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ മലയാള സിനിമയില്‍ വന്‍ ബജറ്റ് സിനിമകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ആദ്യമേ ബജറ്റ് നിശ്ചയിച്ച് ഒരു സിനിമ അതിനനുസരിച്ച് തയാറാക്കുന്നതിനോട് യോജിപ്പില്ലെന്ന് ലിജോ പറഞ്ഞു. ആന്റി ക്രൈസ്റ്റ് ഏതുതരത്തിലാണ് ചെയ്യേണ്ടത് എന്നൊക്കെ ഇനിയും ആലോചിക്കേണ്ട കാര്യമാണ്. സിനിമ ആവശ്യപ്പെടുന്ന ബജറ്റിലും സമയത്തിലും അത് ചിത്രീകരിക്കുമെന്ന് ലിജോ പറഞ്ഞു.