ഫസ്റ്റ് ലുക്ക് എത്തിയത് പോലും അറിഞ്ഞില്ല, അപമാനിക്കപ്പെട്ടതായി തോന്നി; 'കാഞ്ചന'യുടെ ഹിന്ദി റീമേക്കില്‍ നിന്ന് പിന്മാറാനുള്ള കാരണം തുറന്നുപറഞ്ഞ് രാഘവ ലോറന്‍സ്

സൂപ്പര്‍ ഹിറ്റ് ചിത്രം “കാഞ്ചന”യുടെ ഹിന്ദി റീമേക്കില്‍ നിന്നും രാഘവ ലോറന്‍സ് പിന്മാറിയ വാര്‍ത്ത നടുക്കത്തോടെയാണ് ആരാധകര്‍ കേട്ടത്.. ഇപ്പോഴിതാ പിന്മാറ്റത്തിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് ലോറന്‍സ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ കാര്യം പോലും മൂന്നാമതൊരാള്‍ പറഞ്ഞിട്ടാണ് അറിയുന്നതെന്നും പിന്മാറ്റത്തിന്റെ എല്ലാ കാരണങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും രാഘവ ലോറന്‍സ് അറിയിച്ചു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ലക്ഷ്മി ബോംബ് എന്ന പേരിട്ട സിനിമയില്‍ അക്ഷയ് കുമാറാണ് നായകവേഷത്തില്‍ എത്തുന്നത്. അക്ഷയുടെ നായികയായി ബോളിവുഡിലെ പുതിയ താരോദയമായ കിയാര അദ്വാനിയും എത്തുന്നു.

രാഘവ ലോറന്‍സിന്റെ കുറിപ്പ്

“ബഹുമാനം കിട്ടാത്ത ഒരു വീട്ടിലേക്ക് കടന്നുചെല്ലരുത് എന്ന് അര്‍ഥം വരുന്ന ഒരു തമിഴ് ചൊല്ലുണ്ട്. പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്. അതിനാല്‍ കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. തീരുമാനത്തിനു പിന്നില്‍ പല കാരണങ്ങളുണ്ട്. അതുകൊണ്ട് എല്ലാം ഇവിടെ പറയാനാവില്ല.

“ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നെ അറിയിക്കാതെയാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്നാമതൊരാളാണ് ഇതേക്കുറിച്ച് എന്നെ അറിയിച്ചത്. തന്റെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞ് അറിയാനിടവരുന്നത് ഒരു സംവിധായകനെ സംബന്ധിച്ചടത്തോളം വേദനാജനകമാണ്. അപമാനിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. അതില്‍ വേദനയുണ്ട്. പോസ്റ്ററിന്റെ ഡിസൈനിലും എനിക്ക് അതൃപ്തിയുണ്ട്. ഒരു സംവിധായകനും ഇതുപോലെ സംഭവിക്കരുത്.”
“എനിക്ക് എന്റെ തിരക്കഥയും വേണമെങ്കില്‍ പിന്‍വലിക്കാം. കാരണം അത് സംബന്ധിച്ച കരാറുകളൊന്നും ഇതുവരെ ഒപ്പ് വച്ചിട്ടില്ല. പക്ഷേ അത് പ്രഫഷനലിസമല്ലെന്നാണ് കരുതുന്നത്. പിന്നെ വ്യക്തിപരമായി അക്ഷയ് കുമാര്‍ സാറിനോട് ബഹുമാനവുമുണ്ട്. ഉടന്‍തന്നെ അക്ഷയ് കുമാറിനെ നേരിട്ടുകണ്ട് തിരക്കഥ കൈമാറും. എനിക്ക് പകരം അവര്‍ ആഗ്രഹിക്കുന്ന ഒരു സംവിധായകനെ അവര്‍ കൊണ്ടുവരട്ടെ.”