'ആക്ഷന്‍ സിനിമ പ്രതീക്ഷിച്ച് വന്നവര്‍ ഇതൊരു തല്ലിപ്പൊളി പടം എന്ന് പറഞ്ഞു, ഞാന്‍ തകര്‍ന്നു പോയി'; സുരേഷ് ഗോപി ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് ലാല്‍ ജോസ്

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. എന്നാല്‍ ഒരുപാട് ഫിനാന്‍ഷ്യല്‍ സ്‌ട്രെയ്‌നും സ്ട്രസ്സും എടുത്ത് ചെയ്ത സുരേഷ് ഗോപി ചിത്രം പരാജയപ്പെട്ടതിനെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജോസ് ഒരുക്കിയ സിനിമ ആയിരുന്നു രണ്ടാം ഭാവം.

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ രണ്ടാം ഭാവം പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നു പോയി എന്നാണ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഒന്നര വര്‍ഷം നീണ്ട ഷൂട്ടിംഗ് ആയിരുന്നു രണ്ടാം ഭാവം. പല പല ഷെഡ്യൂളുകളായി ഒരുപാട് ഫിനാന്‍ഷ്യല്‍ സ്ട്രയിനും സ്ട്രസ്സും എടുത്ത് ചെയ്ത പടമായിരുന്നു. അത് തിയേറ്ററില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു.

പക്ഷേ, സിനിമ പരാജയപ്പെട്ടു. താന്‍ തകര്‍ന്ന് പോയി. ആക്ഷന്‍ സിനിമ പ്രതീക്ഷിച്ച് വന്ന പ്രേക്ഷകര്‍ക്ക് നിരാശയായി. അത് ഒരു ഫാമിലി ഡ്രാമയാണ്. ഫാമിലി സിനിമ ഇഷ്ടപ്പെടുന്നവര്‍ ഇത് ഒരു ആക്ഷന്‍ സിനിമയാണെന്ന് കരുതി കയറിയതുമില്ല. ആദ്യം ആക്ഷന്‍ സിനിമ പ്രതീക്ഷിച്ച് വന്നവര്‍ ഇതൊരു തല്ലിപ്പൊളി പടം എന്ന് പറഞ്ഞു. റിയല്‍ ഓഡിയന്‍സിനെ ടാര്‍ഗറ്റ് ചെയ്യുന്നതില്‍ ആ പടത്തിന്റെ പബ്ലിസിറ്റി ഗ്രൂപ്പിന് കഴിഞ്ഞില്ല.

Randam Bhavam - Alchetron, The Free Social Encyclopedia

ഇത് പല സിനിമകളുടെ പരാജയത്തിനും കാരണമാണ്. തന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ താല്‍ക്കാലികമാണ്. പരാജയങ്ങളാണ് തന്നെ നല്ല പാഠം പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം ഭാവത്തിന്റെ എല്ലാ പാരാജയ കാരണങ്ങളും ശ്രദ്ധിച്ചാണ് മീശമാധവന്‍ ചെയ്തത്. ആ സിനിമയുടെ പരാജയമാണ് മീശ മാധവന്റെ വലിയ വിജയം. മാറി മാറി വരുന്ന വിജയ പരാജയങ്ങള്‍ തന്നെ ഒരു ബാലന്‍സ്ഡ് മനുഷ്യനാക്കി തീര്‍ത്തു എന്ന് ലാല്‍ ജോസ് വ്യക്തമാക്കി.

2001ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാവത്തില്‍ ഡബിള്‍ റോളിലാണ് സുരേഷ് ഗോപി എത്തിയത്. രഞ്ജന്‍ പ്രമോദ് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ലെന നെടുമുടി വേണു, ലാല്‍ തുടങ്ങിയ താരങ്ങളും വേഷമിട്ടു. ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം എത്തിയത്.