നിങ്ങളോട് ഞാന്‍ ക്ഷമിച്ചാലും അയ്യപ്പന്‍ ഒരു കാലത്തും ക്ഷമിക്കില്ലെന്ന് ഞാൻ പറഞ്ഞു;  ബിജു മേനോൻ ചിത്രത്തിന് എതിരെ ആസൂത്രിത പ്രചാരണം നടന്നുവെന്ന് ലാൽ ജോസ്

ബിജു മേനോന്‍- ലാല്‍ജോസ് കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം എത്തിയ ചിത്രമായിരുന്നു നാല്‍പത്തിയൊന്ന്. എന്നാൽ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന് സംഭവിച്ചതെന്താണെന്ന് മാതൃഭൂമി വാരാന്തപതിപ്പില്‍ വന്ന അഭിമുഖത്തിൽ സംവിധായകന്‍ ലാൽ ജോസ്   വെളിപ്പെടുത്തിയിരിക്കുകയാണ്. നാല്‍പത്തിയൊന്ന് നല്ല സിനിമ തന്നെയായിരുന്നു എന്ന് ലാല്‍ജോസ് പറയുന്നു.

“പടം കാണുന്നതിന് മുമ്പ് ഒരു വിഭാഗം നടത്തിയ ആസൂത്രിത പ്രചാരണം സിനിമയെ ബാധിച്ചു.

ലാല്‍ജോസ് അയ്യപ്പനെ തൊട്ടുകളിക്കുന്നു എന്ന് പറഞ്ഞ് സ്ത്രീകളടക്കം എനിക്കെതിരെ തിരിഞ്ഞു. അന്ന് നിങ്ങളാദ്യം സിനിമ കാണൂ എന്ന് ഞാന്‍ കേണു പറഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ല.

പിന്നീട് സിനിമ കണ്ട ചിലര്‍ ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണ്, ക്ഷമിക്കണം എന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു. നിങ്ങളോട് ഞാന്‍ ക്ഷമിച്ചാലും അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ല എന്ന് ചിരിയോടെ അന്ന് ഞാന്‍ മറുപടി നല്‍കി. എന്നാല്‍ വേറൊരു കാര്യം കൂടിയുണ്ടെന്നും ലാല്‍ജോസ് പറയുന്നു. 41 നല്ല സിനിമയാണെന്ന് എന്റെ അവകാശവാദമാണ്. ആളുകള്‍ ഇടിച്ചുകയറിപ്പോയി അത് കണ്ടില്ലെങ്കില്‍ അതിനര്‍ത്ഥം അവരെ രസിപ്പിക്കുന്ന എന്തോ ഒരു ഘടകത്തിന്റെ കുറവുണ്ട് എന്നത് തന്നെയാണ്.”