ഞാന്‍ മമ്മൂക്ക ഫാന്‍, എന്റെ ഭാര്യ ലാലേട്ടന്‍റെ കടുത്ത ആരാധികയാണ്: വിക്രം

മലയാള ചിത്രത്തിലൂടെ തമിഴിലെത്തി അവിടെ സൂപ്പര്‍ താരമായി മാറിയ നടനാണ് ചിയാന്‍ വിക്രം. താരത്തിന്റെ പുതിയ ചിത്രം കദരം കൊണ്ടേന്‍ കഴിഞ്ഞ ചിത്രം റിലീസിന് എത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനായി ചിയാന്‍ വിക്രം കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ താനൊരു മമ്മൂട്ടി ആരാധകനാണെന്ന് ഒരിക്കല്‍ കൂടി പറഞ്ഞിരിക്കുകയാണ് വിക്രം.

‘ഞാന്‍ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഈ പ്രായത്തിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. വീട്ടില്‍ എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ്. അത് പോലെ ഒരു ഫാന്‍ വേറെ ഉണ്ടാവില്ല. അത്രക്ക് ഇഷ്ടമാണ്. എല്ലാ ലാലേട്ടന്‍ പടവും ഞാന്‍ കണ്ടിട്ടുണ്ട്. എന്നോട് കാണണം എന്ന് ഭാര്യ പറയും. അങ്ങനെ സിനിമകള്‍ കണ്ട് ഞാനും ഒരു ഫാനാണ്. മമ്മൂക്കയോട് ഭയങ്കര ഇഷ്ടം. ലാലേട്ടനും ഇഷ്ടം.’ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ വിക്രം പറഞ്ഞു.

തന്റെ സംവിധാന മോഹത്തെ കുറിച്ചും വിക്രം അഭിമുഖത്തില്‍ പറഞ്ഞു. ‘പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യും. ഒരു വര്‍ഷമോ പത്ത് വര്‍ഷമോ കഴിഞ്ഞാകാം അത് സംഭവിക്കുക. ധ്രുവിനെ വെച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ധ്രുവ് രണ്ട് മൂന്ന് ഹിറ്റുകള്‍ നല്‍കിയതിന് ശേഷം മാത്രമാകും അത്.’ വിക്രം പറഞ്ഞു.