പരാജയപ്പെട്ടെങ്കിലും 35,000 പേര് വിശ്വസിച്ചു വോട്ടു ചെയ്യുക എന്നതു ചെറിയ കാര്യമല്ല, ജയിക്കുന്നത് ഒരു ആര്‍ട്ടാണ്; മനസ്സ് തുറന്ന് കൃഷ്ണകുമാര്‍

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 35000 പേര്‍ തന്നില്‍ വിശ്വസിച്ച് തനിക്ക് വോട്ട് ചെയ്യുകയെന്നത് ഒരു ചെറിയ കാര്യമല്ലെന്ന് നടന്‍ കൃഷ്ണകുമാര്‍. വനിതയുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കൃഷ്ണകുമാറിന്റെ വാക്കുകള്‍.

തിരുവനന്തപുരം മണ്ഡലത്തിലാണ് മത്സരിച്ചത്. പണ്ടുമുതലേ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു. 2019ലെ പാര്‍ലമെന്റ് ഇലക്ഷന്‍ കാലത്ത് സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ പ്രചരണത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ 70ഓളം വാര്‍ഡുകളിലും പ്രചരണത്തിനു പോയി. അപ്പോഴൊന്നും മത്സരിക്കുമെന്നു കരുതിയിരുന്നില്ല.

പ്രചരണ സമയത്തും ശേഷവും വളരെ ശ്രദ്ധ പുലര്‍ത്തി. ഇലക്ഷന്‍ സമയത്ത് പരമാവധി ഹോട്ടല്‍ റൂമില്‍ തന്നെ തങ്ങി. വീട്ടില്‍ വന്നാലും കൃത്യമായി സാനിറ്റൈസ് ചെയ്തിട്ടേ അകത്തു കയറൂ. കുട്ടികളുമായി അധികം ഇടപഴകില്ല. പരാജയപ്പെട്ടെങ്കിലും 35,000 പേര് വിശ്വസിച്ചു വോട്ടു ചെയ്യുക എന്നതു ചെറിയ കാര്യമല്ല. ജയിക്കുന്നത് ഒരു ആര്‍ട്ടാണ്, ജയിച്ച സ്ഥാനാര്‍ഥിയെ അടുത്ത നിമിഷം തന്നെ വിളിച്ച് അഭിനന്ദിച്ചതും അതുകൊണ്ടാണ്.