അവാര്‍ഡുകള്‍ സ്വീകരിക്കില്ല, അര്‍ഹരായവര്‍ക്ക് നല്‍കൂ..; കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിരസിച്ച് കിച്ച സുദീപ്

കര്‍ണാടക സര്‍ക്കാറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിരസിച്ച് നടന്‍ കിച്ച സുദീപ്. ‘പയല്‍വാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപ് ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പുരസ്‌കാരം നിരസിക്കുകയും തനിക്ക് പകരം അര്‍ഹരായ മറ്റാര്‍ക്കെങ്കിലും പുരസ്‌കാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് കിച്ച സുദീപ് ഇപ്പോള്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നടന്റെ പ്രതികരണം.

2019ലെ അവാര്‍ഡുകളാണ് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി കാരണമാണ് പുരസ്‌കാര പ്രഖ്യാപനം ഇത്രയും വര്‍ഷം നീണ്ടത്. അനുപമ ഗൗഡയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് കിച്ച സുദീപ് വ്യക്തമാക്കുന്നത്.


”പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതിനാലാണ് അവാര്‍ഡ് നിരസിക്കുന്നത്. ഭാവിയിലും ഒരു പുരസ്‌കാരവും സ്വീകരിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സിനിമയ്ക്ക് വേണ്ടി ഹൃദയം നല്‍കിയ അര്‍ഹരായ മറ്റ് അഭിനേതാക്കള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ഈ പുരസ്‌കാരം അങ്ങനെ ആര്‍ക്കെങ്കിലും നല്‍കണം.”

”അത് കാണുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിക്കും. പുരസ്‌കാരങ്ങള്‍ ലഭിക്കണമെന്ന ഉദ്ദേശത്തോടെയല്ല ആളുകളെ രസിപ്പിക്കുന്നതിനായുള്ള എന്റെ സമര്‍പ്പണം. കൂടുതല്‍ മികവിനായി പരിശ്രമിക്കാനുള്ള പ്രോത്സാഹനമായാണ് ജൂറിയില്‍ നിന്നുള്ള ഈ അംഗീകാരത്തെ കാണുന്നത്. എന്നെ തിരഞ്ഞെടുത്തതിന് എല്ലാ ജൂറി അംഗങ്ങളോടും ഞാന്‍ നന്ദിയുള്ളവനാണ്. കാരണം ഈ അംഗീകാരം തന്നെ എന്റെ പ്രതിഫലമാണ്.”

”എന്റെ തീരുമാനം ഉണ്ടാക്കിയേക്കാവുന്ന ഏതൊരു നിരാശയ്ക്കും ജൂറി അംഗങ്ങളോടും സംസ്ഥാന സര്‍ക്കാരിനോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങള്‍ ബഹുമാനിക്കുകയും ഞാന്‍ തിരഞ്ഞെടുത്ത പാതയില്‍ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചതിനും ഈ അവാര്‍ഡിന് എന്നെ പരിഗണിച്ചതിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു” എന്നാണ് കിച്ച സുദീപ് പറയുന്നത്.

Read more