നല്ലൊരു പ്രണയ സിനിമ ചെയ്ത് മലയാളത്തിലേക്ക് മടങ്ങിയെത്തണം: ആഗ്രഹം പറഞ്ഞ് കീര്‍ത്തി സുരേഷ്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ അരങ്ങേറിയ നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. അത് ദേശീയ പുരസ്‌കാര നേട്ടത്തില്‍ വരെ കൊണ്ടു ചെന്നെത്തിച്ചു. തമിഴിലും തെലുങ്കിലും സജീവമാണെങ്കിലും കീര്‍ത്തിയെ മലയാള സിനിമയില്‍ കണ്ടിട്ട് ഏറെ നാളായി. ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചെത്തുക എന്നു പറയുകയാണ് കീര്‍ത്തി.

“ചില സിനിമകള്‍ വന്നിരുന്നു. തമിഴ് സിനിമയ്‌ക്കൊക്കെ ഡേറ്റ് നല്‍കിയിരുന്നതു കൊണ്ട് പെട്ടെന്നു വരാനാകുന്നില്ല. പ്രിയനങ്കിള്‍ സംവിധാനം ചെയ്യുന്ന “മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ”ത്തില്‍ ഞാനുണ്ട്. അതു പൂര്‍ണമായ തിരിച്ചുവരവാണെന്ന് പറയാനാകില്ല. നല്ലൊരു പ്രണയ സിനിമ ചെയ്ത് മലയാളത്തിലേക്ക് മടങ്ങിയെത്തണം എന്നു വിചാരിക്കുന്നുണ്ട്. അതിനായിട്ട് കാത്തിരിക്കുന്നു.” വനിതയുമായുള്ള അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

മലയാളത്തില്‍ ദിലീപ് നായകനായെത്തിയ റിംഗ് മാസ്റ്ററിലാണ് കീര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് കീര്‍ത്തി സുരേഷായിരുന്നു. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനത്തിനാണ് കീര്‍ത്തിയ്ക്ക് പുരസ്‌കാരം ലഭിച്ചത്.