'ചുവന്ന വട്ടപ്പൊട്ടിനും മൂക്കുത്തിക്കും പിന്നില്‍ ഒരു രഹസ്യമുണ്ട്'; മനസ് തുറന്ന് കവിയൂര്‍ പൊന്നമ്മ

മലയാള സിനിമയുടെ അമ്മ ആരാണെന്ന് ചോദിച്ചാല്‍ ആദ്യം നാവിന്‍തുമ്പിലെത്തുക കവിയൂര്‍ പൊന്നമ്മയുടെ പേരാകും. അമ്മ കഥാപാത്രങ്ങളിലൂടെ അത്രമേല്‍ കവിയൂര്‍ പൊന്നമ്മ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ലോക സിനിമയില്‍ തന്നെ അമ്മ വേഷം ഏറ്റവുമധികം അവതരിപ്പിച്ച കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയിലെത്തിയിട്ട് 60 വര്‍ഷമാവുകയാണ്. ചുവന്ന വട്ടപ്പൊട്ടും തൊട്ട്, നിറഞ്ഞ ചിരിയോടെ സ്‌ക്രീനില്‍ തെളിയുന്ന മുഖത്തോട് സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. തന്റെ ഈ ചുവന്ന വട്ടപ്പൊട്ടിനു പിന്നില്‍ ഒരു രഹസ്യമുണ്ടെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു.

“എവിടെ സംഗീതക്കച്ചേരിയുണ്ടെങ്കിലും അവിടെയെല്ലാം എന്നെയും അച്ഛന്‍ കൊണ്ടു പോകുമായിരുന്നു. ഒരിക്കല്‍ ഞാനും അച്ഛനും കൂടി എം.എസ് സുബ്ബലക്ഷ്മിയുടെ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയി. സ്വര്‍ണം പോലെ തിളങ്ങുന്ന ഒരു സ്ത്രീ. വൈരമാലയും സ്വര്‍ണ മൂക്കുത്തിയും ചുവന്ന വട്ടപ്പൊട്ടുമിട്ട ആ സ്ത്രീയെ ഓര്‍ത്ത് അന്ന് എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. പിറ്റേ ദിവസം മുതല്‍ മൂക്കുത്തിയും ചുവന്ന വട്ടപ്പൊട്ടും എന്റെ ജീവിതത്തിന്റെ ഭാഗമായി.” ഫ്‌ളാഷ് മൂവീസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

തന്നെ അമ്മയായിട്ടല്ലാതെ മറ്റു വേഷകളില്‍ കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടാത്തതിനാലാണ് മറ്റ് വേഷങ്ങള്‍ ചെയ്യാതിരിക്കുന്നതെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യരുതെന്നും പറഞ്ഞ് പലരും വിളിക്കാറുണ്ട്. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്കും കഴിയില്ല. എല്ലാവരെയും സ്‌നേഹിക്കാനേ എനിക്കറിയൂ. സിനിമയില്‍ 60 വര്‍ഷം തികയുമ്പോള്‍ അവാര്‍ഡുകളേക്കാര്‍ ഏറെ പ്രേക്ഷകരുടെ വലിയ സ്‌നേഹമാണ് തന്റെ വലിയ സമ്പാദ്യമെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.