'മോഹൻലാലിൻ്റെ ആ കഥാപാത്രത്തോടുള്ള ആരാധന, അതാണ് അതിന് കാരണം'; കാർത്തി

ആടുതോമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിരുമനിൽ റെയ്ബാൻ ഗ്ലാസ് വെച്ചതെന്ന് തമിഴ് നടൻ കാർത്തി. തന്‍റെ പുതിയ ചിത്രമായ ‘വിരുമൻ’ പ്രൊമോഷന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആടുതോമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീരുമനിൽ താൻ റെയ്ബാൻ ഗ്ലാസ് വെച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

മോഹൻലാലിന്റെ സ്‌ഫടികം തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും അതിലെ ലാൽ സാറും തിലകൻ സാറും തമ്മിലുള്ള അച്ഛൻ-മകൻ സീനുകളൊക്കെ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും നടൻ പറഞ്ഞു. വലിയ ആവേശത്തോടെയാണ് ആരാധകർ ഇതേറ്റെടുത്തത്. എം.മുത്തയ്യ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുമന്‍.

പ്രകാശ് രാജും കാര്‍ത്തിയും അച്ഛനും മകനുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അദിതി ശങ്കറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശരണ്യ പൊന്‍വണ്ണന്‍, സൂരി,കരുണാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ആ​ഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തും.

അതേസമയം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനിലും കാര്‍ത്തി പ്രധാന വേഷത്തിലെത്തുന്നുണ്ട്. വല്ലവരയ്യൻ വന്ദ്യദേവൻ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.