മാതൃത്വത്തിനും ശാരീരികബന്ധത്തിനും വിലയിടരുത്; വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ എന്ന പ്രഖ്യാപനത്തെ പിന്തുണച്ച ശശി തരൂരിന് എതിരെ കങ്കണ

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ എന്ന കമല്‍ഹാസന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റിനെതിരെ ആഞ്ഞടിച്ച് നടി കങ്കണ റണൗട്ട്. അമ്മമാരുടെ ത്യാഗത്തിനും ആത്മസമര്‍പ്പണത്തിനും വിലയിടരുത് എന്ന് കങ്കണ ട്വീറ്ററില്‍ കുറിച്ചു.

വീട്ടമ്മമാര്‍ ചെയ്യുന്ന സേവനത്തെ അംഗീകരിക്കാനും അവരെ ശാക്തീകരിക്കാനും ഇതിലൂടെ കഴിയും എന്നാണ് കമല്‍ഹാസന്റെ ആശയത്തെ പിന്തുണച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് കങ്കണയുടെ പ്രതികരണം.

“”ഞങ്ങളുടെ പ്രണയത്തിനൊപ്പമുള്ള ശാരീരികബന്ധത്തിന് വിലയിടരുത്. മാതൃത്വത്തിന് വിലയിടരുത്. ഞങ്ങളുടെ വീടെന്ന ചെറിയ സാമ്രാജ്യത്തിലെ രാജ്ഞികളാണ് ഞങ്ങള്‍. എല്ലാത്തിനെയും കച്ചവടമായി കാണുന്നത് നിര്‍ത്തൂ. നിങ്ങളുടെ സ്ത്രീക്ക് മുന്നില്‍ കീഴടങ്ങൂ, അവര്‍ക്ക് നിങ്ങളെ മുഴുവനായാണ് ആവശ്യം, അല്ലാതെ സ്നേഹവും, ബഹുമാനവും, ശമ്പളവും മാത്രമല്ല”” എന്നാണ് കങ്കണയുടെ ഒരു ട്വീറ്റ്.

“”വീടിന്റെ ഉടമസ്ഥ എന്നതില്‍ നിന്ന് വീട്ടുജോലിക്കാരിയായി കാണുന്നതും, അമ്മമാരുടെ ത്യാഗത്തിനും ആത്മസമര്‍പ്പണത്തിനും വിലയിടുന്നത് ശരിയല്ല. ഇത് ദൈവത്തിന് അവരെ ഉണ്ടാക്കിയതിന് പണം നല്‍കുന്നത് പോലെയാണ് സൃഷ്ടാവായ ദൈവത്തിന് പണം നല്‍കുന്നത് പോലെയാണ്. ഈ തീരുമാനം ഭാഗികമായി വേദനാജനകവും ഭാഗികമായി തമാശ നിറഞ്ഞതുമാണ്”” എന്നും കങ്കണ ട്വീറ്റ് ചെയ്തു.