'പുരുഷന്‍മാരെ മര്‍ദ്ദിക്കുമെന്ന് പ്രചാരണം'; തന്റെ കല്യാണം പോലും നടക്കുന്നില്ലെന്ന് കങ്കണ

വിവാദങ്ങളുടെ സ്ഥിരം കളിത്തോഴിയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം വെളിപ്പെടുത്താത്ത നടി ഇപ്പോഴിതാ വൈകുന്ന തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ ധക്കഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്.

താന്‍ പുരുഷന്മാരെ മര്‍ദ്ദിക്കുന്ന സ്വഭാവമുള്ളയാളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നുമാണ് കങ്കണ പറഞ്ഞത്.അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ താന്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും നടി പറഞ്ഞു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.