'നസ്രിയയെ നേരില്‍ കാണാനും സംസാരിക്കാനും ഏറെ ആഗ്രഹമുണ്ട്'; തുറന്നു പറഞ്ഞ് കല്യാണി

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിലേക്ക് വരാനുള്ള തന്റെ പ്രചോദനം നസ്രിയയാണെന്നാണ് കല്യാണി പറയുന്നത്.

“എനിക്കു പണ്ടേ അറിയാമായിരുന്നു സിനിമ തന്നെയാണ് എന്റെ പ്രഫഷന്‍ എന്ന്. ഏതു റോളിലാകും വരുന്നതെന്ന കാര്യത്തിലേ തീരുമാനം ആകാതിരുന്നുള്ളൂ. സിനിമയിലേക്ക്, പ്രത്യേകിച്ച് അഭിനയത്തിലേക്ക് വരാനുള്ള എന്റെ പ്രചോദനം നസ്രിയയാണ്. നസ്രിയയുടെ അഭിനയം കണ്ടാണ് നടിയാകാനുള്ള മോഹം തോന്നിയതെന്നു തന്നെ പറയാം. ഒന്നു നേരില്‍ കാണാനും സംസാരിക്കാനും വളരെ ആഗ്രഹമുണ്ട്. ഫഹദ് എന്റെ പ്രിയപ്പെട്ട ആക്ടറുമാണ്.”

“ഡ്രസിങ്ങിലും മേക്കപ്പിലുമൊന്നും പണ്ടുമുതലേ അത്ര ശ്രദ്ധിക്കുന്ന ആളല്ല ഞാന്‍. “ഒന്ന് ഒരുങ്ങി നടക്ക് അമ്മൂ…” എന്ന് അമ്മ എപ്പോഴും ശാസിക്കും. ഇപ്പോള്‍ പഴ്‌സനല്‍ മേക്കപ് ആര്‍ട്ടിസ്റ്റ് ഒക്കെയുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നുമില്ല. ജീന്‍സോ കുര്‍ത്തയോ കിട്ടിയാല്‍ അഞ്ചു മിനിറ്റില്‍ ഞാന്‍ റെഡിയായി ഇറങ്ങും. ഭാഗ്യത്തിന് ഇപ്പോഴത്തെ സിനിമകളിലും വലിയ മേക്കപ് ഒന്നും ആവശ്യമില്ല.” വനികയുമായുള്ള അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.