'ഒടുവില്‍ നമ്മള്‍ കണ്ടുമുട്ടി' എന്നാണ് അന്ന് ദുല്‍ഖര്‍ പറഞ്ഞത്, എന്നാല്‍ അപ്പുവിനെ നേരത്തെ അറിയാമായിരുന്നു: കല്യാണി പ്രിയദര്‍ശന്‍

ബ്രോ ഡാഡി, ഹൃദയം എന്നീ സിനിമകള്‍ എത്തിയതോടെ നടി കല്യാണി പ്രിയദര്‍ശന കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വരനെ ആവശ്യവുമുണ്ട് ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിലേക്ക് എത്തിയത്.

സിനിമയുടെ പശ്ചാത്തലത്തിലാണ് വളര്‍ന്നതെങ്കിലും ദുല്‍ഖര്‍ സല്‍മാനെയും, അനൂപ് സത്യനേയും താന്‍ ആദ്യമായി കണ്ടത് വരനെ ആവശ്യമുണ്ട് എന്ന സിനിമ കാരണമാണെന്നും എന്നാല്‍ ഹൃദയത്തില്‍ നേരെ തിരിച്ചായിരുന്നു എന്നാണ് കല്യാണി പറയുന്നത്.

ചെറുപ്പം മുതലേ അറിയാവുന്നവരാണ് ഹൃദയം ടീമില്‍ ഉണ്ടായിരുന്നത്. വിനീതേട്ടനേയും അപ്പുവിനേയും നേരത്തെ അറിയാം. വളരെ അടുപ്പമുള്ള കുടുംബം പോലെയായിരുന്നു. കാരണം തങ്ങളുടെ അച്ഛന്മാര്‍ അടുത്ത സുഹൃത്തുക്കളാണ്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനായിട്ടാണ് ദുല്‍ഖറിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ചിത്രത്തിന്റെ പൂജ നടന്ന ദിവസമാണ് ദുല്‍ഖറിനെ കണ്ടത്. ‘ഒടുവില്‍ നമ്മള്‍ കണ്ടുമുട്ടി’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അതിനു മുമ്പ് കണ്ടിട്ടില്ലായിരുന്നു.

അനൂപേട്ടനേയും മുമ്പ് കണ്ടിട്ടില്ല. കഥ പറയാന്‍ വീട്ടില്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പറയുന്നത്. അതേസമയം, ഹൃദയം തിയേറ്ററുകളിലും ബ്രോ ഡാഡി ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.