ദിലീപിന് പകരം ആദ്യം തീരുമാനിച്ചത് കുഞ്ചാക്കോ ബോബനെ: ഹിറ്റ് സിനിമയെ കുറിച്ച് കലവൂര്‍ രവികുമാര്‍

ദിലീപും നെടുമുടി വേണുവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഇഷ്ടം’ എന്ന സിനിമ മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ഒരുക്കിയത് കലവൂര്‍ രവികുമാറായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ദിലീപിന് പകരം ആദ്യം തീരുമാനിച്ചത് നടന്‍ കുഞ്ചാക്കോ ബോബന്‍ ആയിരുന്നു എന്ന് പറയുകയാണ് കലവൂര്‍ രവികുമാര്‍. മനോരമയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കുഞ്ചാക്കോ ബോബനെയായിരുന്നു ആദ്യം നായകനാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായി വന്നപ്പോള്‍ ദിലീപ് ചെയ്താല്‍ നന്നാകുമെന്നു തോന്നി. അങ്ങനെ നായകനായ പവന്റെ വേഷത്തിലേക്ക് ദിലീപ് വന്നു. പവന്റെ അച്ഛനായ കൃഷ്ണന്‍കുട്ടി മേനോനായി നെടുമുടി വേണുവിനെയും സുഹൃത്ത് നാരായണനായി ഇന്നസന്റിനെയും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു.

ശ്രീദേവി ടീച്ചറായി പുതിയൊരു മുഖത്തെ കൊണ്ടുവരാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജയസുധയിലേക്കെത്തുന്നത്. സിനിമയിലെ കോമഡി ഇത്രയധികം വര്‍ക്കൗട്ടാകാന്‍ സഹായിച്ചത് ദിലീപ്- ഇന്നസന്റ്- നെടുമുടി കൂട്ടുകെട്ടു തന്നെയാണ്. തൃശൂരില്‍ വച്ചായിരുന്നു ചിത്രീകരണം’.അദ്ദേഹം പറഞ്ഞു .