'ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്'; അപ്രതീക്ഷിത അപകടത്തെ കുറിച്ച് കാജല്‍

ഇന്ത്യന്‍2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം തമിഴ് സിനിമാ ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിംഗ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ കുറിച്ച് നടി കാജല്‍ അഗര്‍വാള്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ:

“അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിനു സ്‌നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും.” ചിത്രത്തില്‍ കാജല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു.