‘തലച്ചോറില്‍ ട്യൂമര്‍, സര്‍ജറി ചെയ്യാന്‍ എളുപ്പമല്ല, നാല് വര്‍ഷമായി ചികിത്സയില്ല’; കടമറ്റത്ത് കത്തനാര്‍ താരം പ്രകാശ് പോള്‍ പറയുന്നു

തലച്ചോറിലെ ട്യൂമറിനെ കുറിച്ച് നടന്‍ പ്രകാശ് പോള്‍. കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലില്‍ കത്തനാര്‍ ആയി എത്തി ശ്രദ്ധ നേടിയ താരമാണ് പ്രകാശ് പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പ്രകാശ് പോള്‍ തുറന്നു പറഞ്ഞത്.

2016ല്‍ ഒരു പല്ലുവേദന വന്നിരുന്നു. നാടന്‍ മരുന്നുകള്‍ ഉപയോഗിച്ചു. നാക്കിന്റെ ഒരു വശം പൊള്ളി, മരവിച്ചു പോയി. മരുന്നിന്റെ പ്രശ്‌നമാണെന്നു കരുതി. പിന്നീട് ഒരു ഡോക്ടറിനെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. സ്‌കാനിംഗും കുറെ ടെസ്റ്റും നടത്തി. സ്‌ട്രോക്ക് ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

വീണ്ടും സ്‌കാന്‍ ചെയ്തു. തലച്ചോറില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആര്‍സിസിയില്‍ എത്തി. തലച്ചോറിന്റെ ഉള്ളില്‍ താഴെയായാണ് ട്യൂമര്‍. പുറത്ത് ആണെങ്കില്‍ സര്‍ജറി ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ ഇത് സര്‍ജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതില്‍ താല്‍പര്യമില്ലായിരുന്നു.

ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുണ്ടായിരുന്നത് എന്ന് ഡോക്ടര്‍ പറഞ്ഞു. ആര്‍സിസിയില്‍ അഞ്ചാറ് ദിവസം ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞു. ആറ് ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് വാങ്ങി പോരുകയും ചെയ്തു. പിന്നീട് ഇതുവരെ ചികിത്സ ഒന്നും ചെയ്തില്ല. രോഗം മാറിയോ എന്ന് പരിശോധിച്ചിട്ടുമില്ല.

ചില സയങ്ങളില്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. എങ്കിലും ആശപുത്രിയില്‍ പോകുന്നില്ല. വേണ്ട എന്ന് തോന്നിയിട്ടാണ്. ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ അതിജീവിക്കും എന്ന രണ്ട് സാധ്യതകളുണ്ട്. ഡോക്ടര്‍മാര്‍ വിളിച്ചിരുന്നു. നാല് വര്‍ഷമായി ചികിത്സ നടത്തുന്നില്ല. ഭാര്യയും മക്കളും നിര്‍ബന്ധിക്കുന്നുണ്ട്.

സാമ്പത്തിക പ്രശ്‌നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്ന് അറിഞ്ഞാല്‍ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണ ഭയമില്ല. ഇനി ഒരിക്കല്‍ കൂടി കടമറ്റത്ത് കത്തനാര്‍ ആകണം. സ്‌ക്രിപ്റ്റ് മനസ്സിലുണ്ട്. പലരുമായും ഡിസ്‌കസ് ചെയ്തിട്ടുണ്ടെന്നും പ്രകാശ് പറയുന്നു.