ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ ക്യാമറ മുന്നില്‍ ഇല്ലാത്തതു പോലെയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്: കെ.വി ആനന്ദ്

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. നടന്ന ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ രജനീകാന്ത്, സംവിധായകന്‍ ശങ്കര്‍, ഹാരീസ് ജയരാജ്, കാര്‍ത്തി എന്നിങ്ങനെ സിനിമ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ രജനികാന്ത് അടക്കമുള്ളവര്‍ മോഹന്‍ലാലിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ റോള്‍ ആണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. മറ്റാരെ കൊണ്ടും ഈ കഥാപാത്രം ഇത്ര മനോഹരമായി ചെയ്യാന്‍ സാധിക്കില്ലെന്നാണ് സംവിധായകന്‍ കെ വി ആനന്ദ് പറയുന്നത്. ‘മോഹന്‍ലാല്‍ ഒരു സ്‌പോണ്‍ട്ടേനിയസ് ആക്ടര്‍ ആണ്. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ ക്യാമറ മുന്നില്‍ ഇല്ലാത്തതു പോലെ ആണ് അദ്ദേഹം പെര്‍ഫോം ചെയ്യുന്നത്.’ കെ. വി ആനന്ദ് പറഞ്ഞു.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും എത്തുന്നു. ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 30 ന് ചിത്രം തിയേറ്ററുകളിലെത്തും.