ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം: സംവിധായകന്‍ ജൂഡ് ആന്തണി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ലെന്നും സംവിധായകന്‍ പറയുന്നു.

”ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല” എന്നാണ് ജൂഡ് ആന്തണിയുടെ കുറിപ്പ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ ഹരീഷ് പേരടിയും പ്രതികരിച്ചിരുന്നു. പുതിയ ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. എന്നാല്‍ നിര്‍മാണ ചുമതല തമിഴ്‌നാടിനെ ഏല്‍പ്പിക്കണം. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പാലാരിവട്ടം പാലം തുടങ്ങിയ പദ്ധതികള്‍ പോലെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നത് എന്നാണ് നടന്‍ പറയുന്നത്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജല നിരപ്പ് 136 അടിയിലെത്തി. ഇതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാര്‍ജ്ജിച്ചതോടെ സെക്കന്റില്‍ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.