'മിന്നല്‍ മുരളിയെ പറ്റിച്ച് ഡയറക്ടര്‍ അറിയാതെ, കാസെറ്റുമായി ഷിബുവിന്റെ കൂടെ വേളാങ്കണ്ണിക്ക് ടൂര്‍ പോകുന്ന അനീഷ്'; ചര്‍ച്ചയായി ജൂഡിന്റെ പോസ്റ്റ്

മിന്നല്‍ മുരളി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ഷിബുവിനെ കുറിച്ചാണ്. ഷിബുവിനെ അവതരിപ്പിച്ച നടന്‍ ഗുരു സോമസുന്ദരത്തിന് പ്രശംസകളാണ് ലഭിക്കുന്നത്. ഇതിനിടെ സംവിധായകന്‍ ജൂഡ് ആന്തണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

”മിന്നല്‍ മുരളിയെ പറ്റിച്ച് ഡയറക്ടര്‍ അറിയാതെ, കാസെറ്റ് കോപ്പിയുമായി ഷിബുവിന്റെ കൂടെ വേളാങ്കണ്ണിക്ക് ടൂര്‍ പോകുന്ന അനീഷ്, ശേഷം സ്‌ക്രീനില്‍” എന്ന ക്യാപ്ഷനോടെയാണ് ഗുരു സോമസുന്ദരത്തിനൊപ്പമുള്ള ചിത്രം ജൂഡ് പങ്കുവച്ചിരിക്കുന്നത്.

ഇതോടെ ജൂഡിന്റെ അടുത്ത ചിത്രത്തില്‍ സോമസുന്ദരം എത്തുമോ എന്ന സംശയമാണ് പ്രേക്ഷകര്‍ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ടൊവിനോ തോമസും ബേസില്‍ ജോസഫും കമന്റ് ചെയ്തിട്ടുണ്ട്.

മിന്നല്‍ മുരളിയില്‍ അനീഷ് എന്ന കഥാപാത്രത്തെ ജൂഡ് അവതരിപ്പിച്ചിരുന്നു. സിനിമയിലെ അനീഷിന്റെ ഡയലോഗുകള്‍ ഒക്കെ ആരാധകര്‍ ചിത്രത്തിനു താഴെ കമന്റായി പങ്കുവയ്ക്കുന്നുണ്ട്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ഇടി മിന്നലേല്‍ക്കുന്നതോടെ അത്ഭുത ശക്തികള്‍ ലഭിക്കുന്ന യുവാവിന്റെ കഥയാണ് പറഞ്ഞത്.