'അപ്പൂ... നീയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല... ഐ ലവ് യൂ' എന്ന് മെസേജ്, അയാളുടെ ഫോണ്‍ അടക്കം വാങ്ങി വെച്ചു'; അസിസ്റ്റന്റ് ഡയറക്ടറെ കുറിച്ച് ജൂഡ് ആന്റണി

തന്റെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കംഫര്‍ട്ടബിള്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ടെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. സംവിധായകന്റെ രണ്ടാമത്തെ സിനിമയായ “മുത്തശ്ശി ഗദ”യില്‍ നടി അപര്‍ണ ബാലമുരളിക്ക് അപമര്യാദയായി മെസേജ് അയച്ച അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയ സംഭവത്തെ കുറിച്ചാണ് ജൂഡ് മനോരമ ഓണ്‍ലൈനോട് സംസാരിച്ചത്.

മുത്തശ്ശി ഗദയില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു. കോസ്റ്റ്യൂം കണ്‍ടിന്യുവിറ്റി ആണ് ഇയാള്‍ ചെയ്തു കൊണ്ടിരുന്നത്. താന്‍ നോക്കുമ്പോള്‍ ഇയാള്‍ അപര്‍ണയുടെ ഫോട്ടോ എടുക്കുന്നുണ്ട്. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് അവനെ വിളിച്ചു ചോദിച്ചു. കണ്‍ടിന്യൂവിറ്റി നോക്കാനാണ് സര്‍ എന്ന് അവന്‍ മറുപടി പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അപര്‍ണയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയതായി കണ്ടു. കോസ്റ്റ്യൂമിന്റെ കാര്യം പറയാനാണ് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു. നമ്പര്‍ വാങ്ങിച്ചോളൂ, വേറെ ഏതെങ്കിലും തരത്തിലുള്ള മെസേജ് അയച്ചുവെന്ന് അറിഞ്ഞാല്‍ അതോടെ ഈ പണി നിര്‍ത്തിക്കും എന്ന് അപ്പോഴേ മുന്നറിയിപ്പ് കൊടുത്തിരുന്നു.

എന്നാല്‍ അടുത്ത ദിവസം താന്‍ ലൊക്കേഷനിലേക്ക് വരുന്ന സമയത്ത് അസോസിയേറ്റ് വിളിച്ചു പറയുന്നത് ഇയാളുടെ കാര്യമാണ്. ആ പയ്യന്‍ അപര്‍ണയ്ക്ക് മെസേജ് അയച്ചിരിക്കുന്നു. “അപ്പൂ… നീയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല… ഐ ലവ് യൂ” എന്ന്. താന്‍ ലൊക്കേഷനില്‍ എത്തും മുമ്പ് തന്നെ അയാളെ പറഞ്ഞുവിടാന്‍ ആവശ്യപ്പെട്ടു. ആ ഫോണും വാങ്ങി വെച്ചു എന്നാണ് ജൂഡ് ആന്റണി വിശദീകരിക്കുന്നത്.