ദുല്‍ഖറിനെ തഴഞ്ഞ് നിവിന്‍ പോളിയെ നായകന്‍ ആക്കിയത് എന്തുകൊണ്ട്? മമ്മൂട്ടിയുടെ ബയോപിക്കിനെ കുറിച്ച് ജൂഡ് ആന്തണി

മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാന്‍ താന്‍ പ്ലാനിട്ടിരുന്നതായി സംവിധായകന്‍ ജൂഡ് ആന്തണി തുറന്നു പറഞ്ഞിരുന്നു. നിവിന്‍ പോളിയെയാണ് മമ്മൂട്ടിയായി അവതരിപ്പിക്കാന്‍ ജൂഡ് ഒരുങ്ങുന്നത്. എന്തു കൊണ്ടാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനെ ഈ റോളിലേക്ക് പരിഗണിക്കാതിരുന്നത് എന്നും ജൂഡ് വ്യക്തമാക്കുന്നുണ്ട്.

അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ നല്ലാതാണ് വേറൊരു ആക്ടര്‍ എന്ന തോന്നലാണ് തന്നെ നിവിനിലേക്ക് എത്തിച്ചത് എന്നാണ് കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ബയോപിക് ഒരുക്കാനായി മമ്മൂക്ക സമ്മതിച്ചാല്‍ തങ്ങള്‍ എപ്പോഴേ റെഡിയാണ് എന്നാണ് ജൂഡ് പറയുന്നത്.

നിവിന്‍ ഒരു കട്ട മമ്മൂക്ക ഫാനാണ് പഠിച്ചിരുന്ന കാലത്ത് അദ്ദേഹം മമ്മൂക്കയുടെ ഫാന്‍സ് അസോസിയേഷനിലൊക്കെ അംഗമായിരുന്നു. നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ ചമയങ്ങളില്ലാതെ വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും എന്നും ജൂഡ് പറഞ്ഞു.

ജൂഡ് ആന്തണി ആദ്യം സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയില്‍ നിവിന്‍ ആയിരുന്നു നായകന്‍. സാറാസ് ആണ് ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മാതൃത്വം ഇഷ്ടമല്ലാത്ത നായികയുടെ കഥയാണ് ചിത്രം പറഞ്ഞത്. അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.