ആ കഥ സിനിമയാക്കാന്‍ മാത്രം ആയിട്ടില്ലെന്ന് മമ്മൂക്ക പറഞ്ഞു, അദ്ദേഹം എപ്പോള്‍ ഓക്കേ പറയുന്നോ അന്ന് ആ സിനിമ സംഭവിക്കും: ജൂഡ് ആന്തണി

ഓം ശാന്തി ഓശാനയ്ക്ക് മുമ്പ് എഴുതിയ സിനിമയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി. മമ്മൂട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ആദ്യ ചിത്രം നടക്കാതെ പോവുകയായിരുന്നു എന്നാണ് സംവിധായകന്‍ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തന്റെ ആദ്യ ചിത്രം ‘ചമയങ്ങളില്ലാതെ’, മമ്മൂട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി ഉള്ളതായിരുന്നു. എന്നാല്‍ അത് നടക്കാതെ പോകുകയായിരുന്നു. ഓം ശാന്തി ഓശാനയ്ക്ക് മുമ്പ് തന്നെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിരുന്നു. ചില കാരണങ്ങളാല്‍ അത് തടസപ്പെട്ടു.

മമ്മൂക്കയുടെ അനുവാദത്തോടെയാണ് ഓം ശാന്തി ഓശാന എന്ന ചിത്രം ചെയ്യുന്നത്. ചിത്രം വന്‍ വിജയമായപ്പോള്‍ ഇനി ഈ സിനിമ ചെയ്യണോ എന്ന് മമ്മൂക്ക ചോദിച്ചു. ഉറപ്പായും വേണം എന്നായിരുന്നു തന്റെ മറുപടി. തന്റെ കഥ സിനിമയാക്കാന്‍ മാത്രം ആയിട്ടില്ലെന്ന് മമ്മൂക്ക പറഞ്ഞു.

മമ്മൂക്ക എപ്പോള്‍ ഓക്കേ പറയുന്നോ അന്ന് ആ സിനിമ സംഭവിക്കും. ഇനി താനല്ല വേറെ ആരെങ്കിലും സംവിധാനം ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞാലും കുഴപ്പമില്ല. ആ കഥ സിനിമയായി കാണണമെന്ന ആഗ്രഹമുണ്ട്. ആ സിനിമ എന്നെങ്കിലും വരും, ഉറപ്പായും വരും എന്നാണ് ജൂഡ് പറയുന്നത്.

അതേസമയം, മമ്മൂട്ടിയെ വച്ച് ചെയ്യാനുള്ള മറ്റൊരു കഥ കയ്യിലുണ്ടെന്നും എന്നാല്‍ മോഹന്‍ലാലിന് പറ്റിയ ഒരു കഥ കിട്ടിയിട്ടില്ലെന്നും ജൂഡ് പറയുന്നു. സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ഡം ഒരിക്കലും ബാധ്യതയായി തോന്നിയിട്ടില്ലെന്നും ജൂഡ് പറയുന്നുണ്ട്.