'കലാതിലക മോഹികള്‍ ശ്രദ്ധിക്കുക, യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കും'; പരിഹസിച്ച് ജോയ് മാത്യു

നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ശിവന്‍കുട്ടിയുടെ രാജിയ്ക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തില്‍ ശിവ താണ്ഡവം ഉണ്ടാകും എന്ന് താരം പറയുന്നു.

“”കലാതിലക മോഹികള്‍ ശ്രദ്ധിക്കുക അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ”” എന്നാണ് ശിവന്‍കുട്ടിയുടെ ചിത്രം പങ്കുവച്ച് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.

അതേസമയം, നിയമസസഭാ അതിക്രമക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിക്ക് എതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ നിയമസഭയില്‍ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്നും സഭയില്‍ പ്രശ്‌നം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

സഭയ്ക്ക് പുറത്തും പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകും. ഇന്നലെ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സമരം നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിലും സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.