സാറന്മാരേ , ഇത് സിനിമ മാത്രമല്ല ഒരുപാടു ആളുകളുടെ സ്വപ്നവും ജീവിതവുമാണ്...ഈശോ ലോക രക്ഷകനാണ് , ഞങ്ങളുടെയും ! വൈറലായി ജോളി ജോസഫിന്റെ കുറിപ്പ്!

ഈശോ എന്ന സിനിമാ ടൈറ്റിലിന്റെ പേരില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഏതെങ്കിലും മതത്തെ കളിയാക്കി കൊണ്ടുള്ള സീന്‍ ഈ ചിത്രത്തില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ തരുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. യേശുനാഥനെ കുറിച്ച് വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു നിന്ദയും ഉണ്ടായിട്ടില്ലെന്ന് ജോളി ജോസഫ് പറയുന്നു. അദ്ദേഹത്തിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:-

പ്രശസ്ത നിര്‍മ്മാതാവും സുഹൃത്തും എന്റെ സിനിമകള്‍ ഉള്‍പ്പടെയുള്ള ഒരുപാടു സിനിമകളിലെ നടനുമായ അരുണ്‍ നാരായണന്റെ ‘ഈശോ’ എന്ന സിനിമ എന്റെയും കൂടിയാണ്. മലയാളികളുടെ പ്രിയങ്കരനായ കലാകാരന്‍ , എന്റെ അയല്‍വക്കകാരനായ സഹോദരന്‍ നാദിര്‍ഷാ സംവിധാനം ചെയ്ത ഈ കലാസൃഷ്ടിയില്‍ ഞാന്‍ ആരാധിക്കുന്ന സ്നേഹിക്കുന്ന യേശുനാഥനെ കുറിച്ച് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു നിന്ദയും ഉണ്ടായിട്ടില്ല എന്നെനിക്കുറപ്പ് പറയാന്‍ കഴിയും.

ലോകരക്ഷകനായ ഈശോ എന്ന പേരില്‍ പലരെയും രക്ഷപ്പെടുത്തുന്ന കഥാപാത്രമുള്ള ‘ഈശോ’ ഒരു നല്ല കുഞ്ഞുസിനിമ മാത്രമാണ്. ഒരു  ടാഗ് ലൈനിന്റെ പേരിലുള്ള അഭിപ്രായവ്യത്യാസത്തെ മാനിച്ചുകൊണ്ട് നിര്‍മ്മാതാവായ അരുണ്‍ അത് ഒഴിവാക്കിയിട്ടുണ്ട് . പക്ഷെ ടാഗ് ലൈനിന്റെ പേരില്‍ പല സാംസ്‌ക്കാരിക സമുദായീക രാഷ്ട്രീയ നേതാക്കളും രംഗത്ത് വരികയും സാമ്പത്തികമായി ഇടപാടുകള്‍ നടത്തി ‘സംഗതി’ ഒതുക്കാമെന്ന് അവകാശപ്പെടുകയും ചെയ്തതായി അറിവുണ്ട് . സാറന്മാരേ , ഇത് സിനിമ മാത്രമല്ല ഒരുപാടു ആളുകളുടെ സ്വപ്നവും ജീവിതവും എല്ലാമാണ് എന്ന് നിങ്ങള്‍ കൂടി തിരിച്ചറിയുക …ഈശോ ലോക രക്ഷകനാണ് , ഞങ്ങളുടെയും ! സസ്‌നേഹം ജോസഫ് മകന്‍ ജോളിയെന്നുമായിരുന്നു കുറിപ്പ്.