കടുവ ഔട്ട് ആന്‍ഡ് ഔട്ട് മാസ് എന്റര്‍ടെയ്‌നര്‍, പൃഥ്വിക്കൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ താരവും: തിരക്കഥാകൃത്ത് ജിനു വി. എബ്രാഹം

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസ് മടങ്ങിവരുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം കടുവയാണ് ഷാജി കൈലാസിന്റെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തുവിട്ടിരുന്നു. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ഏറെ ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു വി. എബ്രാഹം.

“ഔട്ട് ആന്‍ഡ് ഔട്ട് മാസ് എന്റര്‍ടെയ്‌നറാകും കടുവ. പീരിയഡ് സിനിമയാണ്. തൊണ്ണൂറുകളാണ് കഥാപശ്ചാത്തലം. സിനിമയുടെ മുടക്കിനെക്കുറിച്ചോ ഷൂട്ടിങ്ങിനുവേണ്ടി വരുന്ന സമയത്തെക്കുറിച്ചോ കൃത്യമായ പദ്ധതികളില്ലാതെ ചെയ്യേണ്ട ഒന്നാകും ഇത്. കാരണം അത്ര വലുപ്പമുള്ള സിനിമയാണ്. തെന്നിന്ത്യയില്‍ നിന്നു വലിയൊരു താരം ചിത്രത്തിലെത്തുന്നുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. ആക്ഷനാണ് പ്രാധാന്യം. “അവനെ അടിയെടാ” എന്നു പ്രേക്ഷകന്‍ ചിന്തിച്ചു തുടങ്ങുന്നിടത്താകും സിനിമയുടെ ആക്ഷന്‍ ആരംഭിക്കുക. മാസിനു വേണ്ടി കുത്തിനിറയ്ക്കുന്ന ആക്ഷന്‍ കാഴ്ചകളാകില്ല കടുവയിലേത്.” മനോരമയുമാലുള്ള അഭിമുഖത്തില്‍ ജിനു പറഞ്ഞു.

മാസ്റ്റേഴ്‌സ്, ലണ്ടന്‍ബ്രിഡ്ജ്, ആദം ജോണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനുവും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് കടുവ. ഇതില്‍ ആദം ജോണിന്റെ സംവിധായകന്‍ ജിനു തന്നെയായിരുന്നു. ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കു ക്യാമറ ചലിപ്പിച്ച രവി കെ. ചന്ദ്രനാണ് കടുവയുടെ ഛായാഗ്രാഹകന്‍.