ജീത്തു ജോസഫ് അഭിമുഖം: 'ആദി മാസ് സിനിമയല്ല, മോഹന്‍ലാലിന്റെ ആക്ടിങ് ഈസിനസ് പ്രണവിനുണ്ട്'

രാജേഷ് കെ. നാരായണന്‍

ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് തോന്നിയ ഒരാശയം സിനിമയാകുന്നു. ആ സിനിമയില്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്റെ മകന്‍ അഭിനയിക്കുന്നു. തുടക്കം മുതല്‍ സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നു. തീയറ്ററുകളില്‍ മുന്‍കൂര്‍ ബുക്കിങ്ങ് ആഴ്ചകള്‍ക്ക് മുന്‍പെ ആരംഭിക്കുന്നു. ആദിയെന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ജീത്തുജോസഫ് സൗത്ത്‌ലൈവിനോട്.

ആദിയെക്കുറിച്ച് ?

ആദി ഒരു ഹെവി ആക്ഷന്‍ മാസ്സ് സിനിമയല്ല. ആക്ഷനും ഫാമിലി ഇമോഷണല്‍  ഇലമെന്റ്‌സും മിക്‌സ് ചെയ്തിട്ടുള്ള സിനിമയാണ്. ടീസറുകളിലും ആ ഒരു ഫീലിങ്ങാണ് നല്‍കിയിരിക്കുന്നത്. ഒരു സാധാരണ ചെറുപ്പക്കാരന്റെ ജീവിതവും അവന്‍ ചെന്നെത്തുന്ന ക്രൈസിസും , അതില്‍ അവന്റെ പ്രതികരണവുമാണ് ഈ സിനിമ. ഹെവി ആക്ഷന്‍ പ്രതീക്ഷിച്ച് വരുന്നവരെ ചിലപ്പോള്‍ സിനിമ പരാജയപ്പെടുത്തിയേക്കാം. ആദിയുടെ പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്, ഹെവി ആക്ഷന്‍ പ്രതീക്ഷിച്ച് നിങ്ങള്‍ വരരുത്, ഒരു എന്റര്‍ടെയിനര്‍ സെക്ടറില്‍ തന്നെയാണ് ചിത്രം ഒരുക്കിയിരുക്കുന്നത്.

ആദിയുടെ ആരംഭം?

ഈ ആശയം ഞാന്‍ എത്തുന്നതിന് മുന്‍പേ മനസ്സില്‍ തോന്നിയതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ആശയത്തിന് പ്രസക്തിയുണ്ട് എന്നതുകൊണ്ടാണ് ഈ സിനിമയെക്കുറിച്ച് ചിന്തിച്ചത്. പാര്‍ക്കോര്‍ ഒന്നും അന്നില്ല, ഒരു മാരത്തോണ്‍ റണ്ണര്‍ അല്ലെങ്കില്‍, ക്രോസ് കണ്‍ട്രി ഓടുന്ന ഒരു റണ്ണര്‍ എന്ന തരത്തിലൊക്കെയാണ് ആലോചിച്ചിരുന്നത്. പിന്നീടാണ് പാര്‍ക്കോര്‍ എന്ന കായിക അഭ്യാസം വരുന്നതും, അത് ക്യാരക്ടറില്‍ കൊണ്ടുവരുന്നതും. പക്ഷെ ഈ സിനിമ അന്ന് ചെയ്യാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. ചെറുപ്പക്കാരനായി ഒരാളായിരിക്കണം അത്‌ലറ്റാകണം. ആ ബോഡി സ്ട്രക്ച്ചര്‍ ഉണ്ടാകണം, ഫ്‌ളെക്‌സിബിള്‍   ആകണം.

പിന്നെ ഇത് കുറച്ച് എക്‌സ്‌പെന്‍സീവായിരിയ്ക്കും. അതുകൊണ്ട് തന്നെ പുതിയ ഒരാളെ വെച്ച് നിര്‍മിക്കാനും കഴിയില്ല. ദൃശ്യമൊക്കെ കഴിഞ്ഞ് ഞാന്‍ ഈ സിനിമ ഹിന്ദിയിലോ തമിഴിലോ ചെയ്യണമെന്നായിരുന്നു കരുതിയിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രണവ് അഭിനയിക്കാനൊരുങ്ങുന്നുവെന്ന് അറിഞ്ഞത്. അന്വേഷിച്ചപ്പോഴാണ് പാര്‍ക്കോര്‍ അവന്‍ സ്‌കൂളില്‍ ചെയ്തിട്ടുമുണ്ടെന്നറിഞ്ഞു. അങ്ങനെയാണ് ഞാന്‍ പ്രണവിനെക്കൊണ്ട് ഈ ക്യാരക്ടര്‍ ചെയ്യിപ്പിച്ചാലോ എന്ന ചിന്തയുണ്ടാകുന്നത്. ഈ ആശയം പറഞ്ഞപ്പോ അവന് ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റ് എഴുതി വീണ്ടും പ്രണവുമായി ഡിസ്‌കസ് ചെയ്തു. അങ്ങനെയാണ് ഈ സിനിമയിലേക്കെത്തുന്നത്.

പ്രണവ് ആദിയായി മാറിയോ?

ഒരു ന്യൂ കമറിന്റെ പ്രശ്‌നങ്ങളെല്ലാം പ്രണവിനുമുണ്ട്. തുടക്കക്കാര്‍ക്കുണ്ടാകുന്ന പരിഭ്രമവും ടെന്‍ഷനും അവനുമുണ്ട്. ആദിയെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ പ്രണവിനും കഴിഞ്ഞിട്ടുണ്ട്. ഒരു ഐഡന്റിറ്റിയുള്ള നടനാണ് പ്രണവ്.

പ്രണവിനെയും മോഹന്‍ലാലിനെയും കംപെയര്‍ ചെയ്താല്‍?

അങ്ങനെ ഒരിക്കലും കംപയര്‍ ചെയ്യാന്‍ പറ്റില്ലല്ലോ, പ്രണവിന് അവന്റേതായ ശൈലിയുണ്ട്. അല്ലെങ്കിലും മറ്റൊരു നടന്റെ രീതിയല്ലല്ലോ മറ്റൊരാള്‍ക്ക് വേണ്ടത്. പിന്നെ മറ്റൊരു കാര്യമുള്ളത് മോഹന്‍ലാലും പ്രണവും തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ട്. പെരുമാറ്റത്തിലെ സിമ്പിളിസിറ്റി ഡൗണ്‍ ടുഎര്‍ത്താണ്. ഡെഡിക്കേറ്റഡാണ്. ജാടയോ പ്രശ്‌നങ്ങളോ ഒന്നുമില്ല. എന്തുകാര്യത്തിനും അവരുടേതായി അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ കൂടി അവസാനവാക്ക് ഡയറക്ടറുടേതാണെന്ന തിരിച്ചറിവുണ്ട്. ലാലേട്ടന്റെ ഈ ക്വാളിറ്റീസ് എല്ലാം പ്രണവിലും ഉണ്ട്. അഭിനയം വേറെ രീതിയാണെങ്കിലും ലാലേട്ടന്റെ ആക്ടിങ്ങിലുള്ള ഈസിനെസും പ്രണവിനുണ്ട്. ഒരു തുടക്കക്കാരന്റെ അഭിനയ പ്രശനങ്ങളൊന്നും പ്രണവിനില്ല. നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്. പല ഇമോഷന്‍ സിറ്റുവേഷന്‍സും പ്രണവ് വളരെ നന്നായി തന്നെ അവതരിപ്പിക്കുന്നുണ്ട് ഈ സിനിമയില്‍.

അസിസ്റ്റന്റ് ഹീറോ ആയപ്പോള്‍?

എന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചപ്പോഴും എന്റെ സിനിമയിലെ നായകനായപ്പോഴും എനിക്കൊരു വ്യത്യാസവും തോന്നിയില്ല. കാരണം, വര്‍ക്ക് ഏതായാലും ഫുള്‍ ഡെഡിക്കേഷനും സിന്‍സിയറും ആയി ചെയ്യുക എന്നതാണ് പ്രണവിന്റെ രീതി. അതുകൊണ്ട് തന്നെ അസിസ്റ്റന്റ് ആയിരിക്കുമ്പോഴും നായകനായിരിക്കുമ്പോഴും ഞാന്‍ കംഫര്‍ട്ടായിരുന്നു. നമ്മള്‍ ജനുവിന്‍ ആണെങ്കില്‍ വളരെ പെട്ടെന്ന് പ്രണവുമായി അടുപ്പമുണ്ടാക്കാന്‍ കഴിയും. ഏത് കാര്യത്തിലും പെര്‍ഫെക്ഷനുവേണ്ടി എത്ര വര്‍ക്ക് ചെയ്യാനും അവന്‍ തയാറാണ്. അസിസ്റ്റന്റ് ആയിരിക്കുമ്പോഴും ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, ഏത് കാര്യവും മുഖത്ത് നോക്ക് പറയാനുള്ള കഴിവും ഉണ്ട്. ഹണ്‍ഡ്രഡ് പെഴ്‌സന്റ് സിന്‍സിയര്‍ ആയ ഒരാളാണ്. അങ്ങനെയാകുമ്പോള്‍ തന്നെ നമുക്ക് ഇടപെടലുകള്‍ ഈസിയാകുമല്ലോ. കഴിഞ്ഞ പടത്തില്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ജോലി ചെയ്തു. ഈ സിനിമയില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ജോലി ചെയ്തു. അത്രെയും വ്യത്യാസമേ എനിക്ക് തോന്നിയിട്ടുള്ളൂ.

ഇനിയുള്ള പ്രണവിന്റെ സിനിമകള്‍?

ഒരു കണ്ടിന്യുവസ് ആക്ടര്‍ ആകുമോ എന്നനിക്കറിയില്ല. ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക് പോയി അഭിനയിക്കുന്ന രീതി ഉണ്ടാകാന്‍ വഴിയില്ല. കാരണം, പ്രണവിന്റെ താല്‍പ്പര്യങ്ങള്‍ വേറെയാണ്. ട്രാവലിങ്ങും ട്രക്കിങ്ങും ഒക്കെ ഇഷ്ടപ്പെടുന്നയാളാണ്. ഈ സിനിമ പോലും വളരെ മടിച്ചാണ് ചെയ്യാന്‍ തയാറായത്. കഥകള്‍ ഇഷ്ടപ്പെട്ടാല്‍ ചെയ്‌തേക്കാം. പക്ഷേ, പ്രണവിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് വേറെയാണ്. ഒരു അഭിനേതാവ് മാത്രമല്ല അവന്‍. അവന്റെ ഒരു രീതിയുണ്ട്. അതനുസരിച്ച് അവനെ വിടുക എന്നുള്ളതായിരിക്കും നല്ലത്. ആ കംഫര്‍ട്ട്‌നസ് കിട്ടിയില്ലെങ്കില്‍ അവന്‍ അപ്‌സറ്റാകും.

ആദി പൂര്‍ണമായും തൃപ്തി നല്‍കിയ ചിത്രമാണോ?

അങ്ങനെയൊരു ചിത്രം ചെയ്യാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. മനസില്‍ കണ്ടതിന്റെ വി്ഷ്വലൈസേഷന് പറ്റിയ ലൊക്കേഷന്‍സ് കണ്ടെത്തുകയെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഹെലിക്യാം യൂസ് ചെയ്യാന്‍ പോലും പലയിടത്തും കഴിഞ്ഞില്ല. പക്ഷേ, മനസില്‍ കണ്ട സിനിമ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

മോഹന്‍ലാല്‍ ആദി കണ്ടോ?

കണ്ടു.

അഭിപ്രായം?

ഹാപ്പിയാണ്. ലാലേട്ടന്‍ ഒരു ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചു. ആ ഉത്തരവാദിത്വം വളരെ വലുതും ആയിരുന്നു. കാരണം, ഒരു നടന്‍ എന്ന നിലിയിലുള്ള പ്രണവിന്റെ കഴിവുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എനിക്കുണ്ടായിരുന്നു. അത് നന്നായി തന്നെ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ലാലേട്ടന്‍ സിനിമ നന്നായി എന്നാണ് എന്നോട് പറഞ്ഞത്.