'എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജേട്ടന്‍ എം.എല്‍.എ ആയത്?'; ഈശോ വിവാദത്തില്‍ പി.സി ജോര്‍ജിന് മറുപടിയുമായി ജയസൂര്യ

ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.സി ജോര്‍ജിന് മറുപടി നല്‍കി നടന്‍ ജയസൂര്യ. ഈശോ എന്ന പേരില്‍ സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെ വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ ആയിരുന്നു പി.സി സിനിമയ്‌ക്കെതിരെ നടത്തിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് ജയസൂര്യ പ്രതികരിച്ചത്.

ജോര്‍ജേട്ടന്‍ എത്രയോ തവണ എംഎല്‍എ ആയ വ്യക്തിയാണ്, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജേട്ടന്‍ എംഎല്‍എ ആയതെന്ന് ജയസൂര്യ ചോദിച്ചു. അങ്ങനെ തന്നെയാണ് ജയിച്ചു വന്നതെന്നും താന്‍ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമാണെന്നും തനിക്ക് വര്‍ഗീയതയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇങ്ങനെ തന്നെയാണ് ഓരോ കലാകാരനെന്നും ജയസൂര്യ ഇതിന് മറുപടി നല്‍കി.

കലാകാരനാണെങ്കില്‍ ഒരു മര്യാദ വേണമെന്നായി പിന്നീട് പി.സി. എന്നാല്‍ സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാമെന്നും അല്ലാതെ പറയുന്നത് മോശമാണെന്നും ജയസൂര്യ മറുപടി നല്‍കി. ഇപ്പോഴുള്ള പേരങ്ങ് മാറ്റി, നല്ലൊരു പേരിട്ട് സിനിമ തുടങ്ങണമെന്നും എന്നാല്‍ പിന്നെ ആരും തര്‍ക്കിക്കാന്‍ വരില്ലല്ലോയെന്നും പി.സി പറഞ്ഞു.

പി.സി സിനിമയ്‌ക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിരുന്നു. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. നാദിര്‍ഷായെയും കൂട്ടരെയും താന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും വിടില്ല എന്നും പി.സി പറഞ്ഞിരുന്നു.